ടിആർപി തട്ടിപ്പ്: മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഇന്ത്യാ ടുഡേയും

By Web TeamFirst Published Oct 9, 2020, 2:44 PM IST
Highlights

റിപ്പബ്ലിക് ടിവിക്ക് എതിരെ ടിആർപി തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്നതിന്‍റെ പേരിൽ കേസെടുത്തുവെന്ന് മുംബൈ സിറ്റി പൊലീസ് കമ്മീഷണറാണ് വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യാ ടുഡേയുടെ പേരുമുണ്ട്.

മുംബൈ: ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറില്‍ കൂടുതല്‍ ചാനലുകളുടെ പേരും പുറത്തുവന്നു. ഇന്ത്യ ടുഡേ അടക്കമുള്ള ചില ചാനലുകളെയും എഫ്എഐറില്‍ പരാമര്‍ശിക്കുന്നുണ്ട്. പരാതി ഉദ്ധരിച്ചുള്ള പരാമര്‍ശമാണെന്നും, ഇന്ത്യടുഡേക്കെതിരെ ഇതുവരെ തെളിവ് കിട്ടിയിട്ടില്ലെന്നുമാണ് മുംബൈ പോലീസിന്‍റെ വിശദീകരണം. 

ടിആര്‍പിയില്‍ തിരിമറി നടത്തിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തിലാണ് റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ കേസ് എടുത്തതെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയെ ഇന്ന് ചോദ്യം ചെയ്തേക്കും.

സുശാന്ത് സിംഗ് രാജ്‍പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിപ്പടരുന്നതിനിടെ, മുംബൈ പൊലീസും ചില മാധ്യമങ്ങളും തമ്മിൽ ശീതയുദ്ധം നടക്കുന്നതിനിടെയാണ് പുതിയ വിവാദവും പുറത്തുവരുന്നത്. ടിആർപിയിൽ എന്തെങ്കിലും തട്ടിപ്പ് നടന്നതായി തെളിഞ്ഞാൽ ഈ ചാനലുകളുടെയെല്ലാം ആസ്തി മരവിപ്പിക്കാൻ പോലും കഴിയുമെന്നും മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് വ്യക്തമാക്കിയിരുന്നു.

''ഇന്ത്യാ ടുഡേ ടിവിയുടെ പേര് പരാമർശിക്കുന്നത്, പരാതി പ്രകാരമാണ്. എന്നാൽ അന്വേഷണം മുന്നോട്ടുപോയ ഘട്ടത്തിൽ ബാർകോ, മറ്റ് സാക്ഷികളോ, ആരോപണവിധേയരോ ഇന്ത്യാ ടുഡേ ടിവിയുടെ പേര് പറഞ്ഞിട്ടില്ല. ഇന്ത്യാ ടുഡേയ്ക്ക് എതിരെ ഇതുവരെ തെളിവ് കിട്ടിയിട്ടില്ല. റിപ്പബ്ലിക് ടിവിക്കും മറാത്തി ചാനലുകൾക്കും എതിരെ അന്വേഷണം ഊർജിതമായി മുന്നോട്ടുപോവുകയാണ്'', എന്ന് മുംബൈ പൊലീസ് കമ്മീഷണർ എൻഡിടിവിയോട് പറയുന്നു. 

സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് വലിയതോതിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിൽ, ഇത് അന്വേഷണത്തെത്തന്നെ ബാധിക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ചതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങളെല്ലാം കേന്ദ്രസർക്കാരുമായി പങ്കുവച്ചിരുന്നു. മറാഠി ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് അറിയിച്ചു.

click me!