
ദില്ലി: അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യയ്ക്ക് നിർണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചപ്പോൾ, ഇന്ത്യ അമേരിക്കയ്ക്ക് കീഴടങ്ങിയെന്ന് പ്രതിപക്ഷം വിമർശിച്ചു. ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിക്കൊണ്ട്, ഇന്ത്യയിൽ ഇരുട്ടായിരുന്ന സമയത്ത് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ നമുക്ക് അവകാശമുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
"രാജ്യത്തിനാകെ ബാധകമായ ഒരു പ്രഖ്യാപനം വിദേശ രാജ്യത്തിരുന്ന് വിദേശ രാജ്യത്തിന്‍റെ പ്രസിഡന്‍റ് അദ്ദേഹത്തിന് ഉതകുന്ന സമയത്ത് നടത്തി എന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. രാത്രിയുടെ അന്ത്യയാമങ്ങളിൽ എലോണ്‍ മസ്കിന്‍റെ എക്സിലാണ് നാമമാത്ര വിവരങ്ങൾ മന്ത്രിമാർ നൽകിയത്. നയപരമായ പ്രഖ്യാപനങ്ങൾ പാർലമെന്‍റിൽ നടത്തണമെന്ന ആരോഗ്യകരമായ കീഴ് വഴക്കം പോലും ലംഘിക്കപ്പെട്ടു. ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് 50 ശതമാനത്തിലേറെ അമേരിക്കയിൽ നിന്നായിരിക്കും എന്നാണ് ട്രംപ് പറഞ്ഞത്.
ഇന്ത്യക്കാരെ ഇരുട്ടിൽനിർത്തിക്കൊണ്ട്, ഇന്ത്യയിൽ ഇരുട്ടായിരുന്ന സമയത്ത് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ വിശദാംശങ്ങൾ അറിയാൻ നമുക്ക് അവകാശമുണ്ട്. അത് പാർലമെൻ്റിൽ തന്നെ പറയണം. ഇതുവരെ നടന്നത് ദൌർഭാഗ്യകരമായ കാര്യമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഡോണൾഡ് ട്രംപ് അല്ല എന്നെങ്കിലും ജനങ്ങളെ ബോധ്യപ്പെടുത്തണം"- ജോണ്‍ ബ്രിട്ടാസ് വിമർശിച്ചു.
അതേസമയം ഇന്ത്യ - അമേരിക്ക വ്യാപാര കരാറിനായുള്ള ധാരണയിൽ എത്തിയതിൽ പ്രധാനമന്ത്രിയെ എൻഡിഎ പാർലമെൻററി പാർട്ടി യോഗം അഭിനന്ദിച്ചു. മുദ്രാവാക്യം വിളിയോടെ എൻഡിഎ അംഗങ്ങൾ പ്രധാനമന്ത്രിയെ വരവേറ്റു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിനു ശേഷം ഇന്ത്യ അമേരിക്ക വ്യാപാര കരാറിനെക്കുറിച്ച് ഇന്നലെ രാത്രി ആദ്യം വിവരം നല്കിയത് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള അധിക തീരുവ ഉൾപ്പടെ യുഎസ് ചുമത്തിയ 50 ശതമാനം തീരുവയാണ് ട്രംപ് 18 ആയി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയെന്നും ട്രംപ് പറയുന്നു. 45 ലക്ഷം കോടിയുടെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങുമെന്നും തീരുവ ഇന്ത്യ പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
കരാർ ഇന്ത്യയ്ക്ക് നിർണായകമെന്നും വളർച്ചയ്ക്ക് സഹായിക്കുമെന്നും നരേന്ദ്ര മോദി എൻഡിഎ പാർലമെൻറിറി പാർട്ടി യോഗത്തെ അറിയിച്ചു. ലോകക്രമം മാറുന്നു എന്നും ഉത്പാദന രംഗത്ത് ഇത് വലിയ നേട്ടമാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ മോദി അമേരിക്കയ്ക്ക് കീഴടങ്ങി എന്ന വാദം പ്രതിപക്ഷം ശക്തമാക്കുകയാണ്. 'സറണ്ടർ മോദി' എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷം രണ്ടു സഭകളിലും നടുത്തളത്തിൽ ഇറങ്ങി. ഇന്ത്യയുടെ നയം പ്രഖ്യാപിക്കാൻ ആരാണ് ഡോണൾഡ് ട്രംപിന് പുറം കരാർ നല്കിയെന്ന് ചോദിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ ലോക്സഭ നടപടികൾ ഉച്ചവരെ സ്തംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam