വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല; സിബിഐ അന്വേഷണം തടസ്സപ്പെടുത്താനില്ലെന്ന് ടിവികെ

Published : Oct 17, 2025, 02:00 PM IST
 Vijay cancels Karur trip

Synopsis

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിൽ ടിവികെ അധ്യക്ഷൻ വിജയ് കരൂർ യാത്ര റദ്ദാക്കി. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ടിവികെ.

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഇന്ന് കരൂരിലേക്ക് പോകില്ല. സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തിലാണ് തീരുമാനം. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ടിവികെ നേതാക്കൾ പറഞ്ഞു. വിജയ് ഇന്ന് കരൂരിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

അതിനിടെ ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം വീണ്ടും തുറന്ന് പ്രവര്‍ത്തനം തുടങ്ങി. ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ ഓഫീസാണ് പ്രവർത്തനം പുനരാരംഭിച്ചത്. 41 പേരുടെ ജീവനെടുത്ത കരൂര്‍ ദുരന്തത്തിന് ശേഷം 17 ദിവസമായി പൂട്ടിക്കിടക്കുകയായിരുന്നു പാർട്ടിയുടെ ആസ്ഥാനം.

വിജയ്‌യുടെ റാലിക്കിടെ സെപ്റ്റംബര്‍ 27നാണ് ദുരന്തമുണ്ടായത്. തിക്കിലും തിരക്കിലും പെട്ട് 41 പേരുടെ മരണം സംഭവിച്ചതോടെ റാലി ഉൾപ്പെടെ ടിവികെയുടെ എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു. വിജയ് പട്ടിണപ്പാക്കത്തുള്ള വസതിയിലാണ്. ബസ്സി ആനന്ദ്, ആദവ് അർജുൻ, സിടിആർ നിർമ്മൽ കുമാർ, അരുൺ എന്നിവരുൾപ്പെടെ ടിവികെയിലെ പ്രധാനപ്പെട്ട നേതാക്കളുമായി വിജയ് ചർച്ച നടത്തി. കരൂര്‍ ദുരന്തത്തിന് ശേഷമുളള വിപുലമായ ചർച്ച നടന്നത് ആദ്യമായാണ്. സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാൻ നേതാക്കൾ തീരുമാനിച്ചു.

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം നിർദേശിച്ച സുപ്രീംകോടതി ഉത്തരവിനെ ടിവികെ നേരത്തെ സ്വാഗതം ചെയ്തിരുന്നു. സിബിഐയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു- "ഞങ്ങൾ ഈ ഉത്തരവിനുള്ള നന്ദി അറിയിക്കുന്നു. സിബിഐയുമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണ്. സിബിഐ അന്വേഷണം വിലയിരുത്താൻ മുൻ ജസ്റ്റിസ് റസ്തോഗിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ എസ്.ഐ.ടി.യെയും നിയമിച്ചിട്ടുണ്ട്. സാധ്യമായ എല്ലാ രീതിയിലും ഞങ്ങൾ സഹകരിക്കും. ഞങ്ങൾ ആവശ്യപ്പെട്ട എസ്.ഐ.ടി. റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കണം എന്നായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചതിൽ സന്തോഷമുണ്ട്"- ടിവികെയുടെ അഭിഭാഷകൻ ഗൌരി സുബ്രഹ്മണ്യം പറഞ്ഞു.

കരൂരിൽ മരിച്ച 41 പേരിൽ 18 സ്ത്രീകളും 15 പുരുഷന്മാരും അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും ഉൾപ്പെടുന്നു. 34 പേർ കരൂർ ജില്ലയിൽ നിന്നുള്ളവരാണ്, ഈറോഡ്, തിരുപ്പൂർ, ദിണ്ടിഗൽ ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും സേലം ജില്ലയിൽ നിന്ന് ഒരാളുമാണ് മരിച്ചത്.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന