എഞ്ചിനുള്ളില്‍ പരുന്ത് ഇടിച്ചു; കോയമ്പത്തൂർ - ഷാർജ വിമാനം റദ്ദാക്കി

Published : Jan 02, 2023, 11:12 AM ISTUpdated : Jan 02, 2023, 01:04 PM IST
എഞ്ചിനുള്ളില്‍ പരുന്ത് ഇടിച്ചു; കോയമ്പത്തൂർ - ഷാർജ വിമാനം റദ്ദാക്കി

Synopsis

ഇന്ന് രാവിലെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. 

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന വിമാനത്തിന്‍റെ എഞ്ചിനുമായി പരുന്തുകള്‍ കൂട്ടിയിടിച്ചതിനെ തുടർന്ന് വിമാനത്തിന്‍റെ യാത്ര മാറ്റിവച്ചു. കോയമ്പത്തൂര്‍ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്ന് രാവിലെ കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലാണ് പക്ഷി ഇടിച്ചത്. രാവിലെ ഏഴ് മണിയോടെ വിമാനം ടേക്ക് ഓഫിനായി റൺവേയിലേക്ക് പോകുന്നതിനിടെ രണ്ട് പരുന്തുകള്‍ വിമാനത്തിന്‍റെ ഇടത് എഞ്ചിനില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്തിന്‍റെ യാത്ര മാറ്റിവച്ചു. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്‍ ബ്ലേഡില്‍ തട്ടി ഒരു പരുന്ത് ചത്തു. വിമാനത്തിലുണ്ടായിരുന്ന 164 യാത്രക്കാരെയും പുറത്തിറക്കി വിമാനത്തിലെ കേടുപാടുകള്‍ സംബന്ധിച്ച പരിശോധന നടക്കുകയാണ്. എഞ്ചിന്‍ മാറ്റിവയ്ക്കേണ്ടിവന്നേക്കാമെന്നാണ് സൂചനകള്‍. 

ഇതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്ന് വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകി. എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകളാണ് വൈകിയത്. മസ്‍കത്തിലേക്ക് തിങ്കളാഴ്ച രാവിലെ പുറപ്പെടേണ്ട വിമാനം മണിക്കൂറുകളോളം വൈകി. നേരിട്ട് ടിക്കറ്റെടുത്ത യാത്രക്കാരെ മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ ഇരുത്തിയ ശേഷം മംഗലാപുരം വഴി കൊണ്ടുപോകുമെന്നാണ് ഏറ്റവും ഒടുവില്‍ നല്‍കിയിരിക്കുന്ന വിവരം. വിമാനക്കമ്പനി അധികൃതരുടെ നിരുത്തരവാദിത്തപരമായ സമീപനത്തിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

രാവിലെ 7.25ന് തിരുവനന്തപുരത്ത് നിന്ന് നേരിട്ട് മസ്കത്തിലേക്ക് പുറുപ്പെടേണ്ടിയിരുന്ന ഐ.എക്സ് 549 വിമാനത്തിലെ യാത്രക്കാരാണ് ഇതുവരെ പുറുപ്പെടാനാവാതെ വിമാനത്താവളത്തില്‍ കാത്തിരിക്കുന്നത്. വിമാനം പുറപ്പെടുമെന്ന് അറിയിച്ചിരുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് പുലര്‍ച്ചെ തന്നെ യാത്രക്കാര്‍  എത്തിയെങ്കിലും വിമാനം വൈകുമെന്ന് അറിയിച്ച് ആരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ടെര്‍മിനലിലേക്ക് പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. ഇതോടെ യാത്രക്കാര്‍ ബഹളം വെച്ചു. തങ്ങളെ പുറത്തു നിര്‍ത്താതെ അകത്ത് കയറ്റി ഇരുത്തുകയെങ്കിലും വേണമെന്ന യാത്രക്കാര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ യാത്രക്കാരെ അകത്ത് കയറ്റാന്‍ വിമാനത്താവള അധികൃതര്‍ തയ്യാറായി. മൂന്നര മണിക്കൂര്‍ വൈകി 11 മണിക്ക് വിമാനം പുറപ്പെടുമെന്ന് പിന്നീട് അറിയിച്ചു. മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും യാത്രക്കാര്‍ പറയുന്നു. 

കൂടുതല്‍ വായനയ്ക്ക്:  തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകുന്നു; യാത്രക്കാരെ വട്ടം കറക്കി എയര്‍ ഇന്ത്യ

 

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി