
മുംബൈ: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് രണ്ടാം ദിവസം ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്. മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് നടത്തിയ അന്വേഷണം വിജയം കാണുകയായിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങൾ പിന്തുടർന്ന് റെയിൽവെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ ചെന്നൈ - എഗ്മോർ എക്സ്പ്രസിൽ നിന്ന് കണ്ടെത്തിയത്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ കുട്ടികൾ നിലവിൽ യാത്ര തുടരുകയാണ്.
കുട്ടികളെ കണ്ടെത്തിയ വിവരം താനൂർ പൊലീസും സ്ഥിരീകരിച്ചു. കുട്ടികളെ കേരളത്തിൽ എത്തിക്കാനായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം പുലർച്ചെ ആറ് മണിയോടെ മുംബൈയിലേക്ക് തിരിക്കും. നിലവിൽ റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിൽ യാത്ര തുടരുന്ന കുട്ടികളെ പൂനെയിൽ ഇറക്കും. എട്ട് മണിക്ക് മുംബൈയിൽ എത്തുന്ന കേരള പൊലീസ് കുട്ടികളെ തിരികെ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താനൂർ എസ്.ഐയും രണ്ട് പൊലീസുകാരും നെടുമ്പാശ്ശേരി വഴി വിമാനത്തിലാണ് മുംബൈയിലേക്ക് പോകുന്നത്.
രാത്രി 1.45ഓടെ ട്രെയിൻ ലോണാവാലയിൽ എത്തിയപ്പോഴാണ് റെയിൽവെ പൊലീസ് ഇവരെ പിടികൂടിയത്. ഇവരുമായി ബന്ധപ്പെട്ട കേരള പൊലീസ് ലോണാവാലയിൽ ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടക്കത്തിൽ പൊലീസിനോട് സഹകരിക്കാതിരുന്ന ഇവർ ഒടുവിൽ സമ്മതിച്ചു. കുട്ടികൾ ഈ ട്രെയിനിൽ ഉണ്ടെന്ന വിവരം കേരള പൊലീസ്, റെയിൽവെ പൊലീസിനും കൈമാറി. തുടർന്നായിരുന്നു ഇവരെ പിടികൂടാനുള്ള ആർപിഎഫിന്റെ നീക്കം. പൂനെ റെയിൽവെ സ്റ്റേഷനിൽ കുട്ടികളെ ഇറക്കുമെന്നാണ് ഏറ്റവുമൊടുവിൽ റെയിൽവെ പൊലീസ് നൽകുന്ന വിവരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam