പളനി ക്ഷേത്രത്തിൽ കോയമ്പത്തൂർ - ഇടപ്പാടി പോര്: തേങ്ങയും കല്ലും പരസ്പരം എറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

By Web TeamFirst Published Feb 8, 2023, 8:48 PM IST
Highlights

തൈപ്പൂയം ഉത്സവത്തിന്‍റെ സമാപന ആഘോഷങ്ങൾക്കായി പതിനായിരക്കണക്കിന് ഭക്തരാണ് പളനിയിലെത്തിയത്

ചെന്നൈ: പളനി ക്ഷേത്രത്തിൽ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് സംഘർഷം. പളനി മലയടിവാരത്തുള്ള ഉപക്ഷേത്രത്തിലാണ് ഭക്തർ തമ്മിൽ സംഘർഷമുണ്ടായത്. തേങ്ങയും കല്ലും കൊണ്ട് ഇരു സംഘവും പരസ്പരം എറിഞ്ഞു. ഏറുകൊണ്ട് ഏതാനും പേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ക്ഷേത്രം താത്കാലികമായി അടച്ചു.

പളനി ശ്രീമുരുകൻ ക്ഷേത്രത്തിന്‍റെ ഉപക്ഷേത്രമായ തിരുവിനാങ്കുടി ക്ഷേത്രത്തിലാണ് സംഘർഷമുണ്ടായത്. തൈപ്പൂയം ഉത്സവത്തിന്‍റെ സമാപന ആഘോഷങ്ങൾക്കായി പതിനായിരക്കണക്കിന് ഭക്തരാണ് പളനിയിലെത്തിയത്. കോയമ്പത്തൂരിൽ നിന്നും ഇടപ്പാടിയിൽ നിന്നും പദയാത്രയായി എത്തിയ ഭക്തർ തമ്മിലാണ് സംഘർഷമുണ്ടായത്.

ഇടപ്പാടിയിൽ നിന്നുള്ള ഭക്തർ തിരുവിനാങ്കുടി ക്ഷേത്രത്തിൽ എത്തിയപ്പോൾ ക്ഷേത്ര കവാടത്തിൽ നിലയുറപ്പിച്ചിരുന്ന കോയമ്പത്തൂരിൽ നിന്നുള്ള ഭക്തർ ചെണ്ടകൊട്ട് നിർത്തിയില്ല. മേളം നിർത്താൻ ഇടപ്പാടി സംങം ആവശ്യപ്പെട്ടു. എന്നാൽ കോയമ്പത്തൂർ സംഘം അവഗണിച്ചു. ഇതാണ് ഇരു വിഭാഗവും തമ്മിൽ വാക്കേറ്റത്തിലും പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. 

തേങ്ങയും കല്ലും കൊണ്ടുള്ള ഏറിൽ ഭക്തർക്കും പൊതുജനങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും എത്തി ഇരു വിഭാഗത്തേയും ഒഴിപ്പിച്ചു. സംഘർഷ സാഹചര്യത്തെ തുടർന്ന് ക്ഷേത്രം താത്കാലികമായി അടച്ചു. ഇടപ്പാടിയിൽ നിന്നുള്ള പരിക്കേറ്റ ഭക്തരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

click me!