
അഹമ്മദാബാദ്: ഗുജറാത്തിലെ ഗിർ വനത്തിൽ രണ്ട് സിംഹക്കുട്ടികളെ ചത്ത നിലയിൽ കണ്ടെത്തി. ഗിർ വനത്തിലെ വിസാവദാർ മേഖലയിൽ ചൊവ്വാഴ്ചയാണ് സിംഹക്കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഏകദേശം അഞ്ച് വയസ് പ്രായമുള്ള സിംഹക്കുട്ടികളാണ് ചത്തത്. ആൺ സിംഹമായിരിക്കാം ഇവയെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം പെൺ സിംഹമടക്കം മൂന്ന് സിംഹങ്ങളേയും ഒരു സിംഹക്കുട്ടിയേയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നതായി ജുനാഗഡ് വന്യജീവി സങ്കേതത്തിന്റെ മുഖ്യ കൺസർവേറ്റർ ഡി ടി വസവാട പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 110 സിംഹങ്ങളും 94 സിംഹക്കുട്ടികളുമടക്കം ഇതുവരെ 204 സിംഹങ്ങളെ ഗിർ വനത്തിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 21 സിംഹങ്ങളുടെയും ആറ് സിംഹക്കുട്ടികളുടേയും സ്വാഭാവിക മരണമാണ്. ഗുജറാത്ത് നിയമസഭാ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam