'ഇന്ന് 5 മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് വേണം', രണ്ട് സ്വതന്ത്രർ വീണ്ടും സുപ്രീംകോടതിയിൽ

Published : Jul 21, 2019, 07:31 PM ISTUpdated : Jul 22, 2019, 12:26 AM IST
'ഇന്ന് 5 മണിക്ക് മുമ്പ് വിശ്വാസ വോട്ടെടുപ്പ് വേണം', രണ്ട് സ്വതന്ത്രർ വീണ്ടും സുപ്രീംകോടതിയിൽ

Synopsis

ഇതിനിടെ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് നേരത്തേ പറഞ്ഞ ബിഎസ്‍പി നിലപാട് മാറ്റി. വോട്ടെടുപ്പിൽ പങ്കെടുത്ത് കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ബിഎസ്‍പി അധ്യക്ഷ മായാവതി എംഎൽഎക്ക് നിർദേശം നൽകി. 

ബെംഗളുരു, ദില്ലി: കർണാടകത്തിലെ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച അഞ്ച് മണിക്കുള്ളിൽ നടത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. കെപിജെപി എംഎൽഎ ആർ ശങ്കർ, സ്വതന്ത്രൻ എച്ച് നാഗേഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന കർശന നിർദേശം സ്പീക്കർക്ക് സുപ്രീംകോടതി നൽകണമെന്നാണ് ഹർജിയിൽ ആവശ്യം. ഇന്ന് രാവിലെത്തന്നെ ഹർജി ഫയൽ ചെയ്യുമെന്നാണ് സൂചന. രാവിലെത്തന്നെ ചീഫ് ജസ്റ്റിസ് കോടതിയിൽ ഹർജിയുടെ കാര്യം അഭിഭാഷകർ പരാമർശിക്കുകയും ചെയ്തേക്കും. 

ഇതിനകം രണ്ട് തവണ ഗവർണർ സ്പീക്കറോട് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടു. എന്നാലിതിന് തയ്യാറാകാതെ ചർച്ച നീട്ടിക്കൊണ്ടുപോവുകയാണ് സ്പീക്കർ എന്ന് ഹർജിയിൽ എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നു. 

ഇതിനിടെ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്ന് നേരത്തേ പറഞ്ഞ ബിഎസ്‍പി നിലപാട് മാറ്റി. വോട്ടെടുപ്പിൽ പങ്കെടുത്ത് കുമാരസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ ബിഎസ്‍പി അധ്യക്ഷ മായാവതി, എംഎൽഎ എൻ മഹേഷിന് നിർദേശം നൽകി. 

ഇതിനിടെ, ഇന്ന് നിയമസഭയിലെത്തണമെന്ന് എംഎൽഎമാരോട് മുഖ്യമന്ത്രി കുമാരസ്വാമി അഭ്യർത്ഥിച്ചു. തനിക്ക് അധികാരത്തിൽ കടിച്ചു തൂങ്ങാൻ ആഗ്രഹമില്ല. ഇന്ന് സഭയിൽ എത്തി ബിജെപി എങ്ങനെയാണ്‌ കുതിരക്കച്ചവടം നടത്തുന്നത് എന്ന് വെളിപ്പെടുത്തണമെന്നാണ് കുമാരസ്വാമിയുടെ അഭ്യർത്ഥന. സർക്കാരിനെ രക്ഷിക്കാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്നും കുമാരസ്വാമി വ്യക്തമാക്കി.

ഇന്ന് 'ക്ലൈമാക്സു'ണ്ടാകുമോ?

വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ഞായറാഴ്ചയും ബെംഗളുരുവിൽ തിരക്കിട്ട ചർച്ചകൾ തുടർന്നു. ബെംഗളൂരുവിൽ വിമതരെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമങ്ങൾ നടക്കുമ്പോഴും വഴങ്ങുന്നില്ലെന്ന നിലപാടിലാണ് വിമതരിപ്പോഴുമുള്ളതെന്ന സൂചനകളാണ് കിട്ടുന്നത്. അപ്പോഴും, സിദ്ധരാമയ്യയുടെ വീട് കേന്ദ്രീകരിച്ച് അവസാനവട്ട ശ്രമങ്ങൾ നടന്നു. ജെഡിഎസ് മന്ത്രിമാരായ ജി ടി ദേവഗൗഡ, താരാമഹേഷ് എന്നിവർ ഞായറാഴ്ച വൈകിട്ട് സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി.

ശ്രദ്ധേയമായ കാര്യം, ജി ടി ദേവഗൗഡ, നിയമസഭാ തെരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് സിദ്ധരാമയ്യയെ തോൽപ്പിച്ചയാളാണ് എന്നതാണ്. തെരഞ്ഞെടുപ്പിൽ പരസ്പരം ഏറ്റുമുട്ടിയ ശേഷം സഖ്യസർക്കാരുണ്ടാക്കിയപ്പോൾ പോലും സിദ്ധരാമയ്യയെ വന്ന് കാണാൻ തയ്യാറാകാതിരുന്ന ജെഡിഎസ് നേതാവാണ് ജി ടി ദേവഗൗഡ. ദേവഗൗഡയും, താരാമഹേഷും സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ, വീണ്ടും നിർണായകമായ ചില നീക്കങ്ങളെങ്കിലും ബെംഗളുരുവിൽ നടക്കുന്നുവെന്ന സൂചനകളാണ് വരുന്നത്.

ഇതിനിടെ, കോൺഗ്രസിന്‍റെയും ജെഡിഎസിന്‍റെയും ബിജെപിയുടെയും നിയമസഭാ കക്ഷിയോഗങ്ങളും ചേർന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് നിയമസഭയിൽ വിശ്വാസപ്രമേയ ചർച്ച തുടരും. നടപടികൾ തിങ്കളാഴ്ച പൂർത്തിയാക്കുമെന്നാണ് സ്പീക്കർക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. അങ്ങനെയെങ്കിൽ ഇന്ന് തന്നെ വോട്ടെടുപ്പ് നടക്കും.

കഴിഞ്ഞ രണ്ട് ദിവസവും സഭയിൽ ന്യൂനപക്ഷമായിരുന്നു കുമാരസ്വാമി സർക്കാർ. ഭൂരിപക്ഷമുറപ്പിക്കാൻ വേണ്ട സംഖ്യ ഇപ്പോഴും ഇല്ല.  15 വിമതരും നിലപാടിൽ നിന്ന് പിന്നോട്ടില്ല. രാമലിംഗ റെഡ്ഡി വഴി നടത്തിയ അനുനയ നീക്കവും ഫലിച്ചില്ല. മുംബൈയിൽ ആശുപത്രിയിലുളള ശ്രീമന്ത് പാട്ടീലും ബെംഗളൂരുവിൽ ചികിത്സയിലുളള ബി നാഗേന്ദ്രയും സഭയിലെത്തില്ല.

അങ്ങനെയെങ്കിൽ സ്പീക്കർ ഉൾപ്പെടെ 101 പേരുടെ മാത്രം പിന്തുണയുണ്ടാകും കുമാരസ്വാമിക്ക്. സ്വതന്ത്രൻ എച്ച് നാഗേഷിനെ സഭയിലെത്തിച്ചാൽ 106 പേർ ബിജെപിക്ക് ഒപ്പം. സഖ്യസർക്കാർ വീഴും.

മുംബൈയിലുളളവരെ മൂന്ന് സംഘങ്ങളാക്കി രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുണ്ട്. മുംബൈക്ക് പുറമെ പൂനെ,ലൊണാവാല എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് നീക്കം. ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയാത്ത സ്ഥിതിക്ക് വിമതരെ അയോഗ്യരാക്കാൻ വഴി തേടാനാണ് കോൺഗ്രസ് ആലോചന. വിപ്പിലെ ആശയക്കുഴപ്പം തീർക്കാൻ കോൺഗ്രസ് നൽകിയ ഹർജിയും ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിപ്പ് ബാധകമാവില്ലെന്ന് ആവർത്തിക്കുകയാണ് ബിജെപി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം