ദില്ലിയിലെ കൂട്ട പലായനം: ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷനും, നോട്ടീസും, നടപടിയുമായി കേന്ദ്രം

By Web TeamFirst Published Mar 29, 2020, 11:46 PM IST
Highlights

കൊവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. 
 

ദില്ലി: രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കെ ദില്ലിയിലെ കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ കൂട്ട പലായനത്തില്‍ നടപടിയുമായി കേന്ദ്രം. ദില്ലി സര്‍ക്കാരിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൊവിഡ് പ്രതിരോധ നടപടികളിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഷന്‍. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. 

അതേസമയം കുടിയേറ്റ തൊഴിലാളികളുടെ പലായനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുയാണ്  കേന്ദ്രം.  തൊഴിലാളികൾക്ക് ഭക്ഷണവും ശമ്പളവും ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനങ്ങൾക്ക് അയച്ച പുതിയ മാർഗ്ഗനിർദ്ദേശത്തിൽ  വ്യക്തമാക്കുന്നു.  

കുടിയേറ്റ തൊഴിലളികളുടെ യാത്ര അനുവദിക്കരുതെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.  ഇതിനായി എല്ലാ സംസ്ഥാന, ജില്ലാ അതിർത്തികളും അതതു സർക്കാരുകൾ അടയ്ക്കണം. ലോക്ക് ഡൗണ്‍ കാലയളവിൽ തൊഴിലാളികളിൽ നിന്ന് വാടക ഈടാക്കരുതെന്നും തൊഴിലാളികൾക്ക് ഭക്ഷണം നല്‍കാന്‍ ദുരന്തനിവാരണ നിധി ഉപയോഗിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. 

കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തു നിന്നും അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന സ്ഥലമുടമകൾക്കെതിരെ നടപടി എടുക്കണം. യാത്ര ചെയ്യുന്നവരെ സർക്കാർ സംവിധാനത്തിൽ നിരീക്ഷണത്തിലാക്കണം. മൂന്നാഴ്ച ലോക്ക്ഡൗണിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. കൊവിഡ് പടരാതിരിക്കാൻ ഈ നടപടികൾ അനിവാര്യമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

click me!