
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ചാമരാജ്പേട്ടിൽ മൂന്ന് പശുക്കളെ ആക്രമിച്ച് അകിട് അറുത്തുമാറ്റിയ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് സംഘർഷാവസ്ഥ. ചാമരാജ് പേട്ടയിലെ വിനായകനഗറിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസിയായ കർണൻ എന്നയാളുടേതാണ് പശുക്കൾ. കന്നുകാലികളുടെ ശബ്‌ദം കേട്ട് ഉണർന്ന് നോക്കിയ നാട്ടുകാരാണ് പരിക്കേറ്റ മൃഗങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. കേസ് അന്വേഷിച്ച് നടപടിയെടുക്കാൻ ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അതേസമയം, പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി.
കുറ്റക്കാരെ കണ്ടെത്തി കർശന നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ഞങ്ങൾ 'കറുത്ത സംക്രാന്തി' ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവ് ചളവടി നാരായണസ്വാമി, മുൻ ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായൺ എന്നിവരുൾപ്പെടെ നിരവധി ബിജെപി നേതാക്കൾ സംഭവത്തെ അപലപിച്ചു. അതേസമയം, കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
പൊലീസ് കമ്മീഷണറോട് സംസാരിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കാൻ ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. കുറ്റക്കാരെ കണ്ടുപിടിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി ബല്ലാരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. വിഷയം രാഷ്ട്രീയവൽക്കരിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam