'ബാല്‍താക്കറെയുടെ മകനാണ് ഞാന്‍, ചെയ്ത് കാണിക്ക്'; മഹാരാഷ്ട്രയിലെ 'ഓപ്പറേഷന്‍ താമര'യെ വെല്ലുവിളിച്ച് ഉദ്ദവ്

By Web TeamFirst Published Feb 17, 2020, 11:25 AM IST
Highlights

സംഖ്യത്തിലെ തര്‍ക്കങ്ങള്‍ക്കിടെ ശരത് പവാറിനൊപ്പം വേദി പങ്കിട്ടായിരുന്നു ഉദ്ദവിന്‍റെ വെല്ലുവിളി

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിലിരിക്കുന്ന മഹാവികാസ് അഘാഡി സഖ്യത്തിലെ കല്ലുകടിയില്‍ കണ്ണുവയ്ക്കുന്ന ബിജെപിയോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിലെ അഭിപ്രായ വ്യത്യാസം മുതലെടുത്ത് 'ഓപ്പറേഷന്‍ താമര' നീക്കവുമായി ബിജെപി രംഗത്തെത്തിയതോടെയാണ് ഉദ്ദവ് പ്രതികരണവുമായി രംഗത്തെത്തിയത്. ബാല്‍താക്കറെയുടെ മകനാണ് ഞാന്‍, ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ച് കാണിക്കട്ടെയെന്നാണ് ഉദ്ദവിന്‍റെ വെല്ലുവിളി.

ഭീമ-കൊറേഗാവ് അന്വേഷണം ദേശീയ പൗരത്വ രജിസ്റ്റർ വിഷയങ്ങളില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. പ്രതിപക്ഷ കക്ഷികളെല്ലാം ദേശീയ പൗരത്വ രജിസ്റ്റർ വിഷയത്തില്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തുള്ളപ്പോള്‍ ശിവസേന മൃദു സമീപനമാണ് സ്വീകരിക്കുന്നത്. പൗരത്വ രജിസ്റ്ററിന് അനുകൂലമായി നിലപാടിലാണ് ഉദ്ദവ് താക്കറെ. ഭീമ-കൊറേഗാവ് അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തതിനെ എന്‍ സി പി അധ്യക്ഷന്‍ ശരത്പവാര്‍ വിമര്‍ശിച്ചപ്പോള്‍ ഉദ്ദവ് മറുപക്ഷത്താണ് നിന്നത്. എന്‍ ഐ എ അന്വേഷണത്തെ സ്വാഗതം ചെയ്ത ഉദ്ദവ്, ശരത് പവാറിന്‍റെ നിലപാട് തള്ളിയിരുന്നു. ഇതോടെയാണ് സംഖ്യത്തിലെ പ്രശ്നങ്ങള്‍ മുതലെടുത്ത് അധികാരത്തിലേറാന്‍ ബിജെപി ശ്രമം സജീവമാക്കിയത്.

കര്‍ണാടകയിലെ പോലെ 'ഓപ്പറേഷന്‍ താമര' മഹാരാഷ്ട്രയില്‍ വിജയിക്കില്ലെന്ന് ഉദ്ദവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ധൈര്യമുണ്ടെങ്കില്‍ ബിജെപി അത്തരമൊരു ഓപ്പറേഷന്‍ നടത്തട്ടെയെന്നും ഉദ്ദവ് വെല്ലുവിളിച്ചു. സംഖ്യത്തിലെ തര്‍ക്കങ്ങള്‍ക്കിടെ ശരത് പവാറിനൊപ്പം വേദി പങ്കിട്ടായിരുന്നു ഉദ്ദവിന്‍റെ വെല്ലുവിളി. നേതാക്കള്‍ വേദി പങ്കിട്ട് ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചതോടെ മഹാവികാസ് അഘാഡി സര്‍ക്കാരിന് തത്ക്കാലം പ്രതിസന്ധിയില്ലെന്ന വിലയിരുത്തലാണ് ഉയരുന്നത്.

click me!