ശിവസേന അണികളെ ഒപ്പം നിര്‍ത്തി തിരിച്ചടിക്കാൻ ഉദ്ധവ് താക്കറെ, വിമതര്‍ തിരിച്ചെത്തിയാൽ സംഘ‍ര്‍ഷത്തിന് സാധ്യത?

By Web TeamFirst Published Jun 29, 2022, 10:25 PM IST
Highlights

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സിൽ അംഗത്വത്തിൽ നിന്നും രാജിവച്ച താക്കറെ ശിവസേന പ്രവ‍ര്‍ത്തകരെ വൈകാരികമായി ഉണര്‍ത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. 

മുംബൈ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ മഹരാഷ്ട്രയിൽ ഉദ്ധവ് താക്കറെ (Udhav Thackarey) സര്‍ക്കാര്‍ വീഴുമ്പോൾ രാഷ്ട്രീയ നാടകങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അധികാരം നിലനിര്‍ത്തുക എന്ന കടുത്ത സമ്മര്‍ദ്ദത്തിൽ ഈ ദിവസങ്ങളിൽ നീങ്ങിയ ഉദ്ധവ് ഇനിയുള്ള ദിവസങ്ങളിൽ പിന്നിൽ നിന്നും കുത്തിയ ശിവസേനക്കാരോട് കണക്ക് തീര്‍ക്കാനാനും ശ്രമിക്കുക. 

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നിയമസഭാ കൗണ്‍സിൽ അംഗത്വത്തിൽ നിന്നും രാജിവച്ച താക്കറെ ശിവസേന പ്രവ‍ര്‍ത്തകരെ വൈകാരികമായി ഉണര്‍ത്താനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.  തീര്‍ത്തും വൈകാരികമായ രാജിപ്രഖ്യാപന പ്രസംഗത്തിൽ ഉടനീളം സാധാരണക്കാരായ ശിവസേന പ്രവര്‍ത്തകരെ സ്പര്‍ശിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. മഹാരാഷ്ട്ര മന്ത്രിസഭയിലെ മന്ത്രിമാരിൽ ഇനി മകൻ ആദിത്യ താക്കറെ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. അവശേഷിച്ച ശിവസേന എംഎൽഎമാരുമായി ഷിൻഡേ ക്യാംപിനെതിരെയുള്ള പോരാട്ടത്തിന് ഉദ്ധവ് താക്കറെ തുടക്കം കുറിക്കും. 

രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുൻപ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടേയും വിമാനത്താവളങ്ങളുടേയും പേരുകൾ മാറ്റാൻ തീരുമാനമെടുത്തിരുന്നു. ഇതിലൂടെ ശിവസേന മുന്നോട്ട് വയ്ക്കുന്ന മണ്ണിൻ്റെ മക്കൾ വാദത്തിലും ഹിന്ദുത്വ നയങ്ങളിലും താൻ ഉറച്ചു നിൽക്കും എന്ന സന്ദേശമാണ് താക്കറെ നൽകുന്നത്. നിയമസഭയിലേക്ക് കാര്യങ്ങൾ എത്തിക്കാതെ നേരത്തെ രാജിവയ്ക്കുക വഴി പാര്‍ട്ടി പിളര്‍ന്നുവെന്ന ചിത്രം പുറത്തു വരാതിരിക്കാനാണ് ഉദ്ധവ് ശ്രമിച്ചത്.

മുൻപ് അധികാരത്തിലുണ്ടായിരുന്ന ബിജെപി -ശിവസേന സര്‍ക്കാരിൻ്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനും ശിവസേന മന്ത്രിയായിരുന്ന ഏക്നാഥ് ഷിൻഡേയും തമ്മിൽ മികച്ച വ്യക്തിബന്ധം രൂപപ്പെട്ടിരുന്നു. അജിത്ത് പവാറിനെ ഒപ്പം നിര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കം  വൻപരാജയമായത്തോടെ കഴിഞ്ഞ രണ്ടര വര്‍ഷമായി അണിയറയ്ക്ക് പിറകിൽ നിന്ന് ദേവേന്ദ്ര ഫ്ഡാനവിസും ബിജെപിയും കളിക്കുന്നുണ്ടായിരുന്നു. 

ഷിൻഡേയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയ ഫഡ്നാവിസ് ശിവസേനയെ പിളര്‍ത്തുന്നതിൽ വിജയിച്ചു. ആദ്യഘട്ടത്തിൽ തനിക്കൊപ്പം 12 എംഎൽഎമാര്‍ വരും എന്ന് ഷിൻഡേ ബിജെപി നേതൃത്വത്തെ അറിയിച്ചത് എന്നാണ് സൂചന. എന്നാൽ ഇപ്പോൾ ഉദ്ധവ് രാജിവയ്ക്കുമ്പോൾ 39 എംഎൽഎമാര്‍ ഷിൻഡേയ്ക്ക് ഒപ്പമുണ്ട്. ഇത്രവലിയൊരു കരുനീക്കം അണിയറയിൽ നടന്നിട്ടും അക്കാര്യം അറിയാൻ ഉദ്ധവ് താക്കറെയ്ക്കോ സര്‍ക്കാര്‍ വൃത്തങ്ങൾക്കോ അറിഞ്ഞില്ല എന്നതാണ് കൗതുകകരം. 

ശിവസേന ഫലത്തിൽ പിളര്‍പ്പിലായതോടെ ആരാണ് ഔദ്യോഗിക പക്ഷം എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. 80-കളിലും 90-കളിലും മണ്ണിൻ്റെ മക്കൾ വാദം ഉയര്‍ത്തി മഹാരാഷ്ട്രയെ ഇളക്കിമറിച്ച സംഘടനയാണ് ശിവസേന. ഹിന്ദുത്വ നയങ്ങളിൽ പലപ്പോഴും ബിജെപിക്കും മുകളിലാണ് അവര്‍ നിന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അണികളെ ഒപ്പം നിര്‍ത്താൻ ആര്‍ക്ക് സാധിക്കുന്നുവോ അവര്‍ക്ക് നേട്ടമുണ്ടാക്കാം എന്നാണ് പൊതുവിലയിരുത്തൽ. 

തീവ്ര രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്ന ശിവസേന അണികൾ ആര്‍ക്കൊപ്പം നിൽന്നാലും അവരുടെ രോഷം മറികടക്കുക എന്ന ദൗത്യമാണ് എതിര്‍പക്ഷത്തിനുണ്ടാവുക. ബാൽതാക്കറെയുടെ പാരമ്പര്യവും കൊവിഡിലും സര്‍ക്കാരിനെ മികച്ച രീതിയിൽ നയിച്ച തൻ്റെ ഭരണപാടവവും മുൻനിര്‍ത്തിയാണ് ഉദ്ധവ് അണികളെ ആകര്‍ഷിക്കാൻ ശ്രമിക്കുന്നത്. പിന്നിൽ നിന്നും കുത്തിയെന്ന് എതിര്‍പക്ഷത്തെ ചൂണ്ടി പറഞ്ഞ് അണികളുടെ വികാരം ആളിക്കത്തിക്കാനും അദ്ദേഹം ശ്രമം തുടരുകയാണ്. 

ഉദ്ധവിൻ്റെ രാജിയോടെ സുപ്രീംകോടതി നിര്‍ദ്ദേശിച്ച വിശ്വാസവോട്ടെടുപ്പിന് ഇനി പ്രസക്തിയില്ലെങ്കിലും ഇതിനായി ഗുവാഹത്തിയിൽ നിന്നും ഗോവയിലേക്ക് തിരിച്ച വിമത എംഎൽഎമാരെ കടുത്ത പരീക്ഷണങ്ങളാണ് കാത്തിരിക്കുന്നത്. ഇവര്‍ മഹാരാഷ്ട്രയിൽ എത്തിയാൽ വലിയ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

click me!