
മുംബൈ: ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡി തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചു. 1978 ലാണ് മഹാരാഷ്ട്ര നിയമസഭ അവസാനമായി സമാന രീതിയിൽ വിശ്വാസ വോട്ടെടുപ്പ് കണ്ടത്. അന്ന് കോൺഗ്രസ് പിളർത്തിയ ശരദ്പവാർ ജനതാ പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. ഇന്ന് മറ്റൊരു പിളർപ്പിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമ്പോഴും എല്ലാ കണ്ണുകളും ശരദ്പവാറിലാണ്.
2019 ല്‍ ദേവേന്ദ്ര ഫട്നാവിസ് അജിത് പവാറുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടത്താതെ രാജിവച്ചു. 144 ലാണ് നിലവിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എന്നാൽ ഏക്നാഥ് ഷിൻഡെ ഉൾപ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ്പവാറും നോക്കുന്നത്. അയോഗ്യരാക്കിയാൽ ഉടൻ കോടതിയിലെത്താനുള്ള നിയമ നടപടികൾക്ക് ബിജെപി ഒരുങ്ങി കഴിഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നീക്കം.
വിമതർ മറ്റൊരു പാർട്ടിയിൽ ചേർന്നിട്ടില്ല. വിപ്പ് ലംഘിച്ച് വോട്ടു ചെയ്തിട്ടില്ല. മൂന്നിൽ രണ്ട് പേർ ഷിൻഡെയുടെ പക്ഷത്തുണ്ട്. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയാലും ഇത് കോടതിയിൽ നില്‍ക്കില്ല എന്നാണ് നിയമവിദഗ്ധർ ഷിൻഡെയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കോടതിയിൽ കേസ് നീളുമ്പോർ എംഎൽഎമാരെ തിരികെ അടർത്താനുള്ള സാവകാശം കിട്ടുമെന്ന് പവാർ കരുതുന്നു. ഒരു ദേശീയ പാർട്ടിയുടെ പിന്തുണ ഉണ്ടെന്ന് ഷിൻഡെ പറഞ്ഞെങ്കിലും തല്‍ക്കാലം തിരശ്ശീലയ്ക്ക് പിന്നിലെ നീക്കം മതിയെന്നാണ് ബിജെപിയിലെ ധാരണ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam