
ബംഗളൂരു: സോഷ്യൽ മീഡിയയിൽ ഒരു ഫ്ലൈ ഓവർ വലിയ ചർച്ചയായിരിക്കുകയാണ്. നിർമ്മാണത്തിലുള്ള ഈ ഫ്ലൈ ഓവർ കണ്ടിട്ട് ചിരിച്ച് തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റൂല്ലെന്നാണ് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നത്. അർണാവ് ഗുപ്ത എന്നെരാളാണ് കോറമംഗല പ്രദേശത്ത് നിർമ്മാണത്തിലുള്ള ഒരു ഫ്ലൈ ഓവറിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. ഫ്ലൈ ഓവറിന്റെ തൂണിന്റെ ചിത്രമാണ് അർണാവ് പോസ്റ്റ് ചെയ്തത്.
ആ തൂണിന് മുകളിൽ രണ്ട് തെരുവ് വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത് കാണാം. എന്തായാലും മേൽപ്പാലം പണി ഒരിക്കലും പൂർത്തിയാവാത്തതിനാൽ ഇപ്പോൾ അതിന്റെ തൂണുകൾ വിളക്കുകാലുകളായി ഉപയോഗിക്കുന്നു എന്നും അർണാവ് കുറിച്ചു. അർണാവ് സ്ഥലം എവിടെയാണെന്ന് ഒന്നും പറഞ്ഞില്ലെങ്കിലും ബംഗളൂരുവിൽ താമസിക്കുന്ന ട്വിറ്റർ ഉപയോക്താക്കൾ ഈ സ്ഥലം 2018 മുതൽ നിർമ്മാണത്തിലിരിക്കുന്ന എജിപുര മേൽപ്പാലമാണെന്ന് എളുപ്പത്തിൽ തിരിച്ചറിഞ്ഞു.
പദ്ധതി 2019-ൽ അവസാനിക്കേണ്ടതായിരുന്നു, പക്ഷേ അത് ഇന്നും എവിടെയും എത്തിയിട്ടില്ലെന്നും ആളുകൾ പ്രതികരിച്ചു. ഫ്ലൈ ഓവർ തൂണിന് വന്നിട്ടുള്ള നിർഭാഗ്യകരമായ അവസ്ഥ കണ്ടിട്ട് എന്തായാലും ആളുകൾക്ക് ചിരിയടക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്തെ മിക്ക ഗതാഗതക്കുരുക്കിനും കാരണം ഈ പദ്ധതി പൂർത്തിയാകാത്തതാണെന്നും പലരും പ്രതികരിക്കുന്നുണ്ട്.
ഇതിനിടെ ദില്ലയിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ വീഡിയോ പുറത്ത് വന്നതും വലിയ ചർച്ചയാണ്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഫ്യൂവൽ ടാങ്കിൽ, യുവാവിന് അഭിമുഖമായി കെട്ടിപ്പിടിച്ചാണ് യുവതി ഇരിക്കുന്നത്. ജൂലൈ 16 ന് ദില്ലിയിലെ മംഗോൾപുരിയിലെ ഔട്ടർ റിംഗ് റോഡ് മേൽപ്പാലത്തിലാണ് സംഭവം നടന്നതെന്നാണ് വീഡിയോ ഷെയർ ചെയ്ത ട്വിറ്റർ ഉപയോക്താവ് അവകാശപ്പെടുന്നത്.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തിനോട് പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ ദില്ലി ട്രാഫിക്ക് പൊലീസും പ്രതികരണവുമായി രംഗത്ത് വന്നു. ''നന്ദി, ഡൽഹി ട്രാഫിക് പൊലീസ് സെന്റിനൽ ആപ്പിൽ ഇത്തരം ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു'' എന്നാണ് അധികൃതർ കുറിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam