മോദി സര്‍ക്കാരിന്‍റെ കാലത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ഒരു 'സര്‍ജിക്കല്‍ സ്ട്രൈക്ക്' നടക്കും: കോണ്‍ഗ്രസ്

By Web TeamFirst Published Oct 20, 2019, 7:26 PM IST
Highlights

രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഉടനെ പാകിസ്ഥാനിലേക്ക് സര്‍ജിക്കല്‍ സ്ട്രൈക്ക് നടക്കും. ഇപ്പോള്‍ രാജ്യത്തിന്‍റെ രാഷ്ട്രീയം നിര്‍ണയിക്കുന്നത് സര്‍ജിക്കല്‍ സ്ട്രൈക്കുകളാണ്- അഖിലേഷ് സിംഗ് കുറ്റപ്പെടുത്തി.

ദില്ലി: പാകിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് ഇന്ത്യ നടത്തിയ ആക്രണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്കാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്ത് എവിടെയെങ്കിലും തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അതിന് തൊട്ടുമുമ്പ് മോദി സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് അഖിലേഷ് സിംഗ് ആരോപിച്ചു. 

മോദി സര്‍ക്കാരിന്‍റെ കാലത്തെ പുതിയ തെരഞ്ഞെടുപ്പ് പാറ്റേണ്‍ ആണിത്. രാജ്യത്ത് ഏതെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ഉടനെ പാകിസ്ഥാനിലേക്ക് സര്‍ജിക്കല്‍ സ്ട്രൈക്ക് നടക്കും. ഇപ്പോള്‍ രാജ്യത്തിന്‍റെ രാഷ്ട്രീയം നിര്‍ണയിക്കുന്നത് സര്‍ജിക്കല്‍ സ്ട്രൈക്കുകളാണ്- അഖിലേഷ് സിംഗ് കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാരിന് രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കണം. അതിനാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം തെരഞ്ഞെടുപ്പില്‍ പരാജയം മണത്ത് കോണ്‍ഗ്രസ് അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് ബിജെപി ദേശീയ വക്താവ് ഷനവാസ് ഹുസൈന്‍ തിരിച്ചടിച്ചു. ഹരിയാനയിലും മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് അദ്ദേഹം പറഞ്ഞു.

നീലം വാലിയിലെ തീവ്രവാദ ക്യാമ്പുകളിലേക്കാണ് ഇന്ത്യ ആക്രമണം നടത്തിയത്. നാല് തീവ്രവാദ ക്യാമ്പുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്നാണ് സൈന്യം അറിയിക്കുന്നത്.  ആക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ രണ്ട് സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടതോടെയാണ് ഇന്ത്യ തിരിച്ചടി നടത്തിയത്.

click me!