മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ഇന്ന് അവതരിപ്പിക്കും. നിര്‍മല സീതാരാമന്‍ എട്ടാമത് ബജറ്റ് അവതരിപ്പിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്.

09:05 AM (IST) Feb 01
കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിലെത്തി.
07:34 AM (IST) Feb 01
നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. നിലവിൽ മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല. എന്നാൽ ഇത്തവണത്തെ ബജറ്റിൽ അത് അഞ്ച് ലക്ഷമായി ഉയർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയിൽ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. ആദായ നികുതി പുതിയ സ്കീമിലേക്ക് നികുതി ദായകരെ എത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.
07:33 AM (IST) Feb 01
ആദായ നികുതി സ്ലാബിലെ മാറ്റം, വിലക്കയറ്റം പിടിച്ച് നിർത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ ആകാംക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. സാമ്പത്തിക വളര്‍ച്ച 6.4 ശതമാനമായി കുറയുമെന്ന് സാമ്പത്തിക സര്‍വെ വ്യക്തമാക്കുമ്പോൾ കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമോ എന്നതും പ്രധാനമാണ്.
Read more
03:08 AM (IST) Feb 01
ഇന്ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. ഒരേ പ്രധാനമന്ത്രിക്ക് കീഴില്‍ തുടര്‍ച്ചയായി എട്ട് തവണ ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും.
12:12 AM (IST) Feb 01
മധ്യവര്‍ഗത്തിന് അനുകൂലമായ കൂടുതല്‍ ഇളവുകള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. രാഷ്ട്രപതിയുടെ അഭിസംബോധനയിലും പ്രധാനമന്ത്രിയുടെ പ്രതികരണത്തിലും ഇളവുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു. ആദായ നികുതി സ്ലാബിലെ മാറ്റം,വിലക്കയറ്റം പിടിച്ചു നിർത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവ ഉണ്ടാകുമോയെന്നാണ് ജനം ഉറ്റുനോക്കുന്നത്.
09:19 PM (IST) Jan 31
സ്ത്രീകളിലെ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി നീട്ടുമോ എന്ന തീരുമാനം ഈ ബജറ്റിൽ അറിയാം. 2023–2024 ലെ കേന്ദ്ര ബജറ്റിലെ "ആസാദി കാ അമൃത് മഹോത്സവ" ത്തിൻ്റെ ഭാഗമായാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് സർക്കാർ അവതരിപ്പിച്ചത്. നിലവിൽ 2025 മാർച്ച് വരെയാണ് പദ്ധതി.
09:16 PM (IST) Jan 31
ബജറ്റിന് മുന്നോടിയായി, നികുതി പരിഷ്കാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള വിശദമായ ഗവേഷണ റിപ്പോര്‍ട്ട് അവതരിപ്പിച്ച് എസ്ബിഐ. എല്ലാ നികുതിദായകരേയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവരണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. എല്ലാവരെയും പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിലൂടെ കൃത്യമായ നികുതി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയുമെന്ന് എസ്ബിഐ പറയുന്നു.
09:15 PM (IST) Jan 31
സ്വര്‍ണ്ണത്തിന്‍റെ ഉപഭോഗം കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരികയും കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കാത്തതുമായ സോവറിൻ ഗോള്‍ഡ് ബോണ്ട് പദ്ധതിക്ക് പകരം പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിക്കുമോ. ബജറ്റില്‍ ഇതിനുള്ള ഉത്തരം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് നിക്ഷേപകര്‍.
09:13 PM (IST) Jan 31
രാജ്യത്തെ ഓട്ടോമൊബൈൽ മേഖലയിൽ നിരവധി വലിയ പരിഷ്‍കാരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് - ഇലക്‌ട്രിക് വാഹനങ്ങളുടെ ജിഎസ്‌ടി നിരക്ക് കുറയ്ക്കുന്നത് മുതൽ വാഹനങ്ങൾ സ്‌ക്രാപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നത് വരെയുള്ള നിരവധി കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
09:11 PM (IST) Jan 31
ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ സ്വര്‍ണാഭരണ നിര്‍മ്മാതാക്കള്‍. കഴിഞ്ഞ വര്‍ഷം ജൂലൈ 23 ന് അവതരിപ്പിച്ച ബജറ്റില്‍ സ്വര്‍ണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. ഇതോടെ സ്വര്‍ണാഭരണ മേഖലയിലെ കമ്പനികളുടെ ഓഹരി വിലയും കുത്തനെ വര്‍ദ്ധിച്ചിരുന്നു. ഇത്തവണ ഇറക്കുമതി തീരുവ ആറ് ശതമാനത്തില്‍ നിന്നും 3 ശതമാനം ആയി കുറയ്ക്കണമെന്നാണ് ആവശ്യം.
09:07 PM (IST) Jan 31
പഴയ ആ സുവര്‍ണകാലത്തേക്ക് രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ തിരിച്ചെത്താൻ ധനമന്ത്രി കനിയണമെന്നാണ് സിനിമാ തിയേറ്റര്‍ വ്യവസായ മേഖല പറയുന്നത്. സിനിമാ ടിക്കറ്റുകളുടെ നികുതി കുറയ്ക്കണമെന്നാണ് ഇതില്‍ പ്രധാന ആവശ്യം. കൂടാതെ പരസ്യ മേഖലയുടെ വളര്‍ച്ചയ്ക്കുള്ള സഹായം നല്‍കണമെന്നും ആവശ്യം.
09:02 PM (IST) Jan 31
ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുമ്പോള്‍ വിസ്മൃതിയിലാണ്ട ഒരു ബജറ്റ് ഉണ്ട്. റെയില്‍ ബജറ്റാണ് പ്രത്യേകമായി ഇനി അവതരിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കപ്പെട്ടത്. ധനമന്ത്രിമാര്‍ കേന്ദ്ര ബജറ്റ് അവതരിക്കുന്നത് പോലെ പ്രാധാന്യമുള്ളതായിരുന്നു ഒരു കാലം വരെ റെയില്‍ ബജറ്റും. 2017ല്‍ ആണ് കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും ലയിപ്പിച്ചത്.
08:13 PM (IST) Jan 31
ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്‍റെ ലക്ഷ്യം. ബജറ്റ് സമ്മേളനത്തിന് മുമ്പ് മഹാലക്ഷ്മിയെ നമിച്ചാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. മധ്യവര്‍ഗത്തിനടക്കം ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
08:10 PM (IST) Jan 31
രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി ഭവന രഹിതരായ ലക്ഷങ്ങൾക്ക് പ്രയോജനപ്പെട്ടു. ഇൻ്റൺഷിപ്പ് പദ്ധതി നിരവധി യുവാക്കൾക്ക് ഉപകാരപ്രദമായിയെന്നും ദ്രൗപദി മുർമു പറഞ്ഞു. പി എം കിസാൻ പദ്ധതിയെയും ആയുഷ്മാൻ ഭാരത് പദ്ധതികളെയും രാഷ്ട്രപതി ഉയർത്തിക്കാട്ടി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കം വിഷയങ്ങളിൽ സർക്കാർ കൃത്യമായ നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞ ദ്രൗപദി മുർമു, വന്ദേ ഭാരത് അടക്കം പുതിയ മോഡൽ ട്രെയിനുകൾ രാജ്യത്തിൻ്റെ റെയിൽവേ വികസനത്തിൽ നിർണ്ണായകമായിയെന്നും കൂട്ടിച്ചേർത്തു.
08:02 PM (IST) Jan 31
കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സർവെ റിപ്പോർട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സർവെ റിപ്പോർട്ട്.
07:51 PM (IST) Jan 31
ബജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ പാർലമെൻ്റിൽ അവതരിപ്പിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്പത്തിക സർവേ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശ പ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്.