കേന്ദ്ര സർക്കാർ അവതരിപ്പിച്ച ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി നീട്ടുമോ എന്ന തീരുമാനം അറിയാം ഈ ബജറ്റിൽ

ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളു. ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ച് ചരിത്രം കുറിക്കുമ്പോൾ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് രാജ്യത്തെ വനിതാ പൗരന്മാർ. കാരണം, സ്ത്രീകളിലെ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ അവതരിപ്പിച്ച ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതി നീട്ടുമോ എന്ന തീരുമാനം അറിയാം ഈ ബജറ്റിൽ. 

 2023–2024 ലെ കേന്ദ്ര ബജറ്റിലെ "ആസാദി കാ അമൃത് മഹോത്സവ" ത്തിൻ്റെ ഭാഗമായാണ് മഹിളാ സമ്മാന് സേവിംഗ്സ് സർട്ടിഫിക്കറ്റ് സർക്കാർ അവതരിപ്പിച്ചത്. 2025 മാർച്ച് വരെയാണ് പദ്ധതി ലഭ്യമാകുക. ബജറ്റിൽ മഹിളാ സമ്മാന് പദ്ധതിയുടെ വിപുലീകരണം നീട്ടുമോ എന്ന് ഉറപ്പില്ല. 

കുറഞ്ഞ വരുമാനമുള്ള സ്ത്രീകളുടെ ഇടയിൽ സമ്പാദ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി 7.5% പലിശ നൽകുന്നുണ്ടെങ്കിലും പരമാവധി നിക്ഷേപ പരിധി 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. പദ്ധതി 2025 മാർച്ച് 31-ന് അവസാനിക്കാനിരിക്കെ, ബജറ്റിൽ പദ്ധതി വിപുലീകരിക്കാനോ, ബദൽ നിക്ഷേപ പദ്ധതി അവതരിപ്പിക്കാനോ സാധ്യതയുണ്ടെന്നാണു വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 2023 ലെ ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ സ്ത്രീകളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് സ്കീം ആരംഭിച്ചത്. മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ, സ്ത്രീകൾക്ക് ഒരു തരത്തിലും വിപണിയിലെ അപകടങ്ങൾ നേരിടേണ്ടിവരില്ല. മാത്രമല്ല, ഇതിൽ ഉറപ്പായ വരുമാനം ലഭിക്കും. ഈ സ്കീമിന് കീഴിൽ സ്ത്രീകൾക്ക് 2 വർഷത്തേക്ക് പരമാവധി 2 ലക്ഷം രൂപ നിക്ഷേപിക്കാം. .

ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം, പരമാവധി നിക്ഷേപ തുക 2 ലക്ഷം രൂപയാണ്. ആദായ നികുതി ഇളവുകളും ഈ വരുമാനത്തിന് സ്ത്രീകൾക്ക് ലഭിക്കുന്നതാണ്. സെക്ഷൻ 80 സി പ്രകാരം നിക്ഷേപിച്ച തുകയ്ക്ക് 1.50 ലക്ഷം രൂപ കിഴിവ് ലഭിക്കും.ഈ സ്കീമിന് കീഴിൽ നിങ്ങൾ 2 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,32,044 ലക്ഷം രൂപ ലഭിക്കും.