'കൊവിഡിനെ തോൽപിക്കാൻ ഇനിയും സമയം വേണം'; ലോക്ക് ഡൗൺ നീട്ടുമെന്ന് സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി

By Web TeamFirst Published Apr 10, 2020, 4:06 PM IST
Highlights

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹർഷ് വര്‍ദ്ധൻ. 

ദില്ലി: ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന നൽകി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വര്‍ദ്ധൻ. കൊവിഡിനെ ചെറുത്ത് തോൽപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഹർഷ് വര്‍ദ്ധൻ പറഞ്ഞു. ഇതിനായി മൂന്നാഴ്ചയോ അതിൽ അധികമോ സമയം ഇനിയും വേണ്ടി വരുമെന്നാണ് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടത്.  

രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹർഷ് വര്‍ദ്ധൻ. ഉച്ചക്ക് വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കേന്ദ്രമന്ത്രിയുടെ ചര്‍ച്ച. കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ നൽകാൻ ചില സംസ്ഥാനങ്ങൾ വിമുഖത കാട്ടുന്നുവെന്ന് ഹർഷ് വര്‍ദ്ധൻ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക്  4100 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ലോക്ക് ഡൗൺ നീട്ടുമോ എന്നത് സംബന്ധിച്ച് നിര്‍ണ്ണായക തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച സമഗ്ര ചിത്രം തയ്യാറാക്കുന്നതിന് വേണ്ടിയായിരുന്നു ചര്‍ച്ചയെന്നാണ് സംസ്ഥാനങ്ങളുമായുള്ള വിപുലമായ യോഗം എന്നാണ് മനസിലാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ശുപാര്‍ശയും ലോക്ക് ഡൗൺ സംബന്ധിച്ച കേന്ദ്ര തീരുമാനത്തിൽ നിര്‍ണ്ണായകമാകും.

click me!