രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; നിയന്ത്രണങ്ങൾ പിൻവലിക്കുക ഘട്ടം ഘട്ടമായി, പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെ

By Web TeamFirst Published Jun 1, 2021, 4:53 PM IST
Highlights

ഡിസംബറോടെ എല്ലാവർക്കും വാക്സിൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെയ് 10 ന് ശേഷം ചികിത്സയിൽ ഉള്ളവരുടെ എണ്ണത്തിൽ 18 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നിരുന്നാലും നിയന്ത്രണങ്ങൾ മെല്ലെ ഘട്ടം ഘട്ടമായി മാത്രമേ പിൻവലിക്കുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിസംബറോടെ എല്ലാവർക്കും വാക്സീൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറോടെ പൂർണ്ണമായും അൺലോക്ക് ചെയ്യുകയെന്നതാണ് ലക്ഷ്യമെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് വാക്സിൻ ക്ഷാമം ഇല്ലെന്നും ജൂലൈയോടെ ഒരു ദിവസം ഒരു കോടി വാക്സിൻ നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പരിശോധനയും വാക്സിൻ വിതരണവും രാജ്യത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിൻ നൽകുന്നത് തുടരും. അതിൽ മാറ്റമില്ല. വാക്സിൻ കലർത്തി നൽകുന്നതിനെ കുറിച്ച് പഠനം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു. വാക്സിനുകൾ കലർത്തി നൽകിയാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാല്‍ ഇക്കാര്യത്തിൽ നിലവിൽ  ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
 

tags
click me!