'തരിമ്പും വിട്ടുവീഴ്ച ചെയ്യില്ല'; നയം വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ; ബിംസ്റ്റെക് രാജ്യങ്ങൾ ഭീകരർ താവളമാക്കരുതെന്ന് നിലപാട്

Published : Oct 13, 2026, 04:11 PM IST
Amit shah

Synopsis

ഡൽഹിയിൽ നടന്ന ആദ്യ ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നയമാണ് ഇന്ത്യയുടേതെന്ന് അമിത് ഷാ വ്യക്തമാക്കി. ഭീകരവാദം, ലഹരിക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ തടയാൻ അംഗരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

ഡൽഹി: ഭീകരവാദത്തിനെതിരെ ഇന്ത്യ പിന്തുടരുന്നത് തരിമ്പും വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും ഭീകരവാദം, ഭീകരവാദ ഫണ്ടിംഗ്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനുമായി ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിൽ സഹകരണം കൂടുതൽ ഊർജ്ജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന ആദ്യ ബിംസ്റ്റെക് ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാൾ ഉൾക്കടൽ തീരത്തുള്ള ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട കൂട്ടായ്‌മയാണ് ബിംസ്റ്റെക്.

'വസുധൈവ കുടുംബകം' എന്ന ആശയത്തിലൂന്നിയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെന്ന് അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു. സമാധാനത്തോടും സഹവർത്തിത്വത്തോടും മനുഷ്യരാശിയുടെ ക്ഷേമത്തോടും എന്നും ഇന്ത്യ പ്രതിബദ്ധത കാട്ടുന്നുണ്ട്. ഒരു രാജ്യത്തെയും ആക്രമിക്കാനോ ആധിപത്യം സ്ഥാപിക്കാനോ ഇന്ത്യ ശ്രമിച്ചിട്ടില്ല. അയൽരാജ്യങ്ങളുടെ പരമാധികാരത്തെയും അതിർത്തി സുരക്ഷയെയും മാനിച്ചുകൊണ്ട് സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിംസ്റ്റെക് രാജ്യങ്ങളിൽ ഭീകരവാദ സംഘങ്ങൾ താവളമടിക്കാനോ, ഭീകരരർക്ക് പരിശീലനം നൽകാനോ, ഭീകരപ്രവർത്തനത്തിന് വിഭവങ്ങൾ സമാഹരിക്കാനോ സാധിക്കാത്ത വിധം ശക്തമായ നിലപാട് സ്വീകരിക്കണം. ഒരു അംഗരാജ്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ മറ്റ് രാജ്യങ്ങളുടെ കൂടെ സുരക്ഷയ്ക്ക് സഹായകരമാകുമെന്ന വിശ്വാസമാണ് ബിംസ്റ്റെക് രാജ്യങ്ങൾക്കിടയിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി പരസ്പര നിയമസഹായവും കൈമാറ്റ കരാറുകളും കാര്യക്ഷമമാക്കണമെന്നും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചു.

ലഹരി കടത്ത് തടയുന്നതിൽ ഒരു രാജ്യം ഒറ്റയ്ക്ക് നടത്തുന്ന ശ്രമങ്ങൾ വിജയിക്കില്ലെന്നും മുഴുവൻ രാജ്യങ്ങളും ഒന്നിച്ചുനിൽക്കുന്ന രീതി ആവശ്യമാണെന്നും അമിത് ഷാ പറഞ്ഞു. ലഹരിക്കടത്തിൽ നിന്ന് ലഭിക്കുന്ന പണം സംഘടിത കുറ്റകൃത്യങ്ങൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുന്നത്. ഡാർക്ക് വെബ് വഴിയുള്ള പ്രവർത്തനങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസപ്പടി ഹവാല ഇടപാട് കേസ്; സിംഗിൾ ബെഞ്ച് ഉത്തരവിൽ അടിയന്തര സ്റ്റേ ഇല്ല
ഗർഭിണിയായ മാധ്യമപ്രവർത്തകയെ രാഹുൽ ഗാന്ധി തള്ളിയിട്ടെന്ന് പരാതി; സംഭവം സുപ്രീംകോടതി രജിസ്ട്രിയിൽ, വിമര്‍ശനവുമായി ബിജെപി