
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ മകൾ നൈമിഷ പ്രധാന് നേരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുൾപ്പടെയുള്ള ആവശ്യങ്ങൾ ഉയർത്തി സിജെപി നടത്തുന്ന സമരത്തിനിടെയാണ് വിദ്യഭ്യാസ മന്ത്രിയുടെ മകൾക്കെതിരെ സൈബറിടത്ത് വിമർശനമുയർന്നത്. പിന്നാലെ നൈമിഷ പ്രധാന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രവർത്തന രഹിതമായി. അമേരിക്കയിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിൽനിന്നാണ് നൈമിഷ എൽഎൽഎം ബിരുദമെടുത്തത്. ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം തകരാറിലാണെന്ന് അറിയാവുന്നത് കൊണ്ടാണ് മന്ത്രിയുടെ മകൾ വിദേശത്ത് പഠിക്കാൻ പോയതെന്നും, പണവും സൗകര്യവുമുള്ളവർ രാജ്യം വിടുകയാണെന്നും ആരോപിച്ചായിരുന്നു സോഷ്യൽ മീഡിയ ആക്രമണം.
ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് ചിലർ മകളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തുകയും കമന്റ് ബോക്സിൽ പ്രതിഷേധവുമായി എത്തിയതും. "ഈ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം കാരണമാണ് മന്ത്രിയുടെ മകൾ വിദേശത്ത് പോയി പഠിച്ചതെന്ന്" ആരോപിച്ചുള്ള നിരവധി പോസ്റ്റുകളും കമന്റുകളും നൈമിഷയെ ടാഗ് ചെയ്തുകൊണ്ടു പ്രത്യക്ഷപ്പെട്ടിരുന്നു. സിജെപിയുടെ പാർലമെന്റ് മാർച്ചിനുശേഷമാണ് നൈമിഷ പ്രധാന് നേരെ പ്രതിഷേധം രൂക്ഷമായത്. ഇതിനുപിന്നാലെയാണ് നൈമിഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രവർത്തന രഹിതമായത്.
നൈമിഷ പഠിച്ച യുഎസ് സർവകലാശാലയുടെ ഇൻസ്റ്റാഗ്രാം പേജിലെ പോസ്റ്റുകൾക്ക് താഴെ പോലും "ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക" എന്ന തരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം നൈമിഷ 2023-ൽ തന്നെ പഠനം പൂർത്തിയാക്കിയതാണെന്നും, നയപരമായ തീരുമാനങ്ങൾ എടുക്കാത്ത കുടുംബാംഗങ്ങളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ച് വ്യക്തിഹത്യ ചെയ്യുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam