പഞ്ചാബ് ബലാത്സംഗക്കേസില്‍ രാഹുലിനും പ്രിയങ്കയ്ക്കും മൗനമെന്ന് പ്രകാശ് ജാവദേക്കര്‍

By Web TeamFirst Published Oct 24, 2020, 5:51 PM IST
Highlights

കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെയാണ് പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയത്.
 

ദില്ലി: പഞ്ചാബില്‍ ആറ് വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസിന്റെ മൗനത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെയാണ് പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയത്. സംഭവത്തെ ''അങ്ങേയറ്റം ഞെട്ടിക്കുന്നത്'' എന്ന് പറഞ്ഞ ജാവദേക്കര്‍ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി, 

കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധി ''രാഷ്ട്രീയ സഞ്ചാരം'' അവസാനിപ്പിച്ച് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശ്രദ്ധ നല്‍കാന്‍ പഞ്ചാബ് സന്ദര്‍ശിക്കണമെന്നും ജാവദേക്കര്‍ പറഞ്ഞു. 

'' രാഹുല്‍ ഗാന്ധിയോ സോണിയാ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ താന്‍ഡയിലെ ബാധിക്കപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചില്ല. അവരുടെ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അനീതിരകള്‍ക്കെതിരെ അവര്‍ ശ്രദ്ധ കൊടുക്കില്ല. പക്ഷേ  ബാധിക്കപ്പെട്ടവരുടെ കുടുംബത്തിനൊപ്പം ഫോട്ടോ എടുക്കാന്‍ ഹാഥ്രസിലും മറ്റ് സ്ഥലങ്ങളിലും പോയി'' - ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു. 

പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ താന്‍ഡ ഗ്രാമത്തിലാണ് ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ട് കൊന്നത്. ഒക്ടോബര്‍ 22നായിരുന്നു സംഭവം. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിയ നിലയില്‍ പ്രതികളുടെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്.

കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പൊലീസിന് നിര്‍ദ്ദേശം നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പഞ്ചാബിലെ ജലാല്‍പൂര്‍ ഗ്രാമവാസികളായ സര്‍പ്രീത് സിങ്, ഇയാളുടെ മുത്തച്ഛന്‍ സുര്‍ജിത് സിങ്ങ് എന്നിവരാണ് അറസ്റ്റിലായത്. ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടി കൂ്്ട്ടബലാത്സംഗത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ യുപി പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളടക്കം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും വിലക്കിയതും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയതും വലിയ വിവാദമായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പുറപ്പെട്ട രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം ഉയരുകയും രാഷ്ട്രീയ മാധ്യമ അപ്രഖ്യാപിത വിലക്ക് യുപി സര്‍ക്കാര്‍ പിന്‍വലിക്കുകയും ഇരുവുരം കുടുംബത്തെ സന്ദര്‍ശിക്കുകയും ചെയ്തു. 
 

click me!