Latest Videos

ഉന്നാവ് പീഡനക്കേസ്: ആശുപത്രിയിൽ കോടതിമുറി, വിചാരണ ഇന്നും തുടരും

By Web TeamFirst Published Sep 12, 2019, 7:28 AM IST
Highlights

ദില്ലി എയിംസിലെ ഒരുക്കിയ താൽക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഉന്നാവ് പെണ്‍കുട്ടിയുടെയും കുൽദീപ് സെൻഗാറിന്‍റെയും മൊഴി പ്രത്യേക കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 

ദില്ലി: ഉന്നാവ് പീഡനക്കേസിലെ വിചാരണ ഇന്നും തുടരും. ദില്ലി എയിംസിൽ ഒരുക്കിയ താൽക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്. ഉന്നാവ് പെണ്‍കുട്ടിയുടെയും മുഖ്യപ്രതി ബിജെപി എംഎൽഎ കുൽദീപ് സെൻഗാറിന്‍റെയും മൊഴി പ്രത്യേക കോടതി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. 

അടച്ചിട്ട മുറിയിൽ രഹസ്യമായാണ് വിചാരണ നടക്കുന്നത്. പൊതുജനങ്ങൾക്കും മാധ്യമങ്ങള്‍ക്കും വിചാരണ നടക്കുന്ന കോടതി മുറിയിൽ പ്രവേശനമില്ല. പ്രത്യേക കോടതി ജഡ്ജ് ദീപക് ശർമ്മയാണ് കോടതി നടപടികൾ നിയന്ത്രിക്കുന്നത്. പെണ്‍കുട്ടിയുടെ വിചാരണ തീരും വരെ എല്ലാ ദിവസവും താൽക്കാലിക കോടതിയിൽ വിചാരണ നടത്താനാണ് തീരുമാനം. നേരത്തെ ദില്ലി തീസ് ഹസാരി കോടതിയിലാണ് ഉന്നാവ് പീഡനക്കേസിന്‍റെ വിചാരണ നടപടികൾ നടന്നിരുന്നത്.

ജൂലൈയിൽ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചത് മുതൽ അതീവഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഉന്നാവ് പെൺകുട്ടി. ആദ്യം ലഖ്‍നൗവിലെ കിംഗ് ജോർജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് ദില്ലി എയിംസിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടിയെ ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. 

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ, പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

click me!