
മധുര: മധുരയിൽ സി പി എം പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അവസാന മണിക്കൂറുകളിൽ അസാധാരണ സാഹചര്യം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർന്നതോടെ മത്സരത്തിലേക്ക് നീങ്ങിയെന്നാണ് വ്യക്തമാകുന്നത്. പാർട്ടി കോൺഗ്രസിൽ മത്സരം സി പി എമ്മിൽ കേട്ടുകേൾവിയില്ലാത്തതാണ്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തി മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധിയായ ഡി എൽ കരാഡ് മത്സരിക്കുകയായിരുന്നു. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷനാണ് കരാഡ്.
പുതിയ കേന്ദ്ര കമ്മിറ്റി പട്ടിക അംഗീകരിക്കില്ലെന്നും വോട്ടെടുപ്പ് വേണമെന്നും ആവശ്യപ്പെട്ട് ഉത്തർ പ്രദേശ്, മഹരാഷ്ട്ര കമ്മിറ്റികളും രംഗത്തെത്തിയിരുന്നു. യു പി സംസ്ഥാന സെക്രട്ടറി രവിശങ്കർ മിശ്ര തന്നെ പാർട്ടി കോൺഗ്രസിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടതായാണ് വ്യക്തമാകുന്നത്. എന്നാൽ ഇദ്ദേഹം പിന്നീട് പാർട്ടി നിർദ്ദേശത്തിന് വഴങ്ങിയതായി വിവരമുണ്ട്. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര കമ്മിറ്റികളിൽ നിന്നുള്ള 3 പേരാണ് ആദ്യം മത്സരരംഗത്തേക്ക് എത്തിയത്. രണ്ട് പേർ പിൻവാങ്ങിയെങ്കിലും ഡി എൽ കരാഡ് മത്സര രംഗത്ത് ഉറച്ചുനിൽക്കുകയായിരുന്നു. ഇനി പ്രതിനിധികളുടെ വോട്ടെടുപ്പിന് ശേഷമാകും കേന്ദ്ര കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും പ്രഖ്യാപിക്കുക.
അതേസമയം പാർട്ടി കോൺഗ്രസ് സി പി എം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ തിരഞ്ഞെടുത്തതായി വിവരം. എം എ ബേബിയെ ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ നേരത്തെ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചിരുന്നു. ഇത് പാർട്ടി കോൺഗ്രസും ശരിവച്ചതോടെ കേരളത്തിൽ നിന്നും രണ്ടാമത്തെ സി പി എം ജനറൽ സെക്രട്ടറിയായാണ് ബേബി എത്തുന്നത്. 1980 മുതൽ 92 വരെ ജനറൽ സെക്രട്ടറിയായിരുന്ന ഇ എം എസിന് ശേഷമാണ് ബേബി കേരളത്തിൽ നിന്നും സി പി എമ്മിനെ നയിക്കാൻ എത്തുന്നത്. കേന്ദ്ര കമ്മിറ്റിയിൽ പിണറായി വിജയൻ, യൂസഫ് തരിഗാമി, പി കെ ശ്രീമതി എന്നിവർക്ക് ഇളവ് നൽകിയിട്ടുണ്ട്. കേന്ദ്ര കമ്മിറ്റിയിലേക്ക് മുഹമ്മദ് റിയാസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ടി പി രാമകൃഷ്ണനും പുത്തലത്ത് ദിനേശനും കെ എസ് സലീഖയും കേന്ദ്ര കമ്മിറ്റിയില്‍ എത്തി. സലീഖയുടെ കടന്നുവരവ് അപ്രതീക്ഷിതമെന്ന വിലയിരുത്തലാണ് ഏവരും പങ്കുവയ്ക്കുന്നത്. അൽപ്പസമയത്തിനകം പ്രഖ്യാപനം ഉണ്ടാകും.
സീതാറാം യെച്ചൂരി അന്തരിച്ചതിനു ശേഷം ജനറൽ സെക്രട്ടറിയാരാകും എന്നതിൽ പൊളിറ്റ് ബ്യൂറോയിൽ ഉടലെടുത്ത ഭിന്നത പാർട്ടി കോൺഗ്രസിന്‍റെ സമാപനം വരെ തുടർന്ന ശേഷമാണ് എം എ ബേബിക്ക് നറുക്ക് വീണത്. അശോക് ദാവ്ലയെ മുൻനിറുത്തി ബംഗാൾ ഘടകവും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും നടത്തിയ നീക്കം ചെറുക്കാനാണ് ബേബിയെ മുന്നിൽ നിറുത്തിയുള്ള ചർച്ചകൾ പി ബിയിലെ പ്രബല വിഭാഗം നേരത്തെ തുടങ്ങിയത്. സി പി എം കേന്ദ്രനേതാക്കൾക്കിടയിലെ അനൈക്യത്തിന് ബേബി ജനറൽ സെക്രട്ടറിയാകുമ്പോഴും മാറ്റമുണ്ടാകുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam