12 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രിയുടെ ലോക്ക്ഡൗണ്‍ ലംഘിച്ച് യോഗി; അയോധ്യയില്‍ പൂജക്ക് നേതൃത്വം നല്‍കി

By Web TeamFirst Published Mar 25, 2020, 7:45 PM IST
Highlights

അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ചെറിയ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം  താല്‍ക്കാലികമായി നിര്‍മിച്ച മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റുന്ന ചടങ്ങിലാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്.
 

അയോധ്യ: കോവിഡ് 19 നിയന്ത്രണവിധേയമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അയോധ്യയിലെ ക്ഷേത്രത്തില്‍ പൂജയില്‍ പങ്കെടുത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ചടങ്ങില്‍ യോഗിയടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. അയോധ്യയിലെ ശ്രീരാമജന്മഭൂമിയിലെ ചെറിയ ക്ഷേത്രത്തിനുള്ളിലെ വിഗ്രഹം താല്‍ക്കാലികമായി നിര്‍മിച്ച മറ്റൊരു ക്ഷേത്രത്തിലേക്ക് മാറ്റുന്ന ചടങ്ങിലാണ് യോഗി ആദിത്യനാഥ് പങ്കെടുത്തത്. 

യോഗി ചടങ്ങില്‍ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചു. ചിത്രങ്ങള്‍ യോഗി തന്നെ സ്വന്തം ട്വിറ്ററില്‍ പങ്കുവെച്ചു. നേരത്തെ ഈ ചടങ്ങ് മാറ്റിവെക്കുമെന്നായിരുന്നു അറിയിച്ചത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ വിഗ്രഹം ഇവിടെയാണ് സൂക്ഷിക്കുക. ചടങ്ങിനായി ചൊവ്വാഴ്ച അര്‍ധരാത്രി തന്നെ യോഗി സ്ഥലത്തെത്തിയിരുന്നു. നവരാത്രി ആഘോഷങ്ങളുടെ തുടക്കത്തില്‍ തന്നെ ക്ഷേത്ര നിര്‍മാണത്തിനും തുടക്കം കുറിക്കുമെന്ന്  യോഗി ട്വീറ്റില്‍ പറഞ്ഞു. ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ചേരുന്ന യോഗത്തിലായിരിക്കും ക്ഷേത്ര നിര്‍മാണം എന്ന് തുടങ്ങുമെന്ന ഔദ്യോഗിക തീരുമാനം.

अयोध्या करती है आह्वान...

भव्य राम मंदिर के निर्माण का पहला चरण आज सम्पन्न हुआ, मर्यादा पुरुषोत्तम प्रभु श्री राम त्रिपाल से नए आसन पर विराजमान...

मानस भवन के पास एक अस्थायी ढांचे में 'रामलला' की मूर्ति को स्थानांतरित किया।

भव्य मंदिर के निर्माण हेतु ₹11 लाख का चेक भेंट किया। pic.twitter.com/PWiAX8BQRR

— Yogi Adityanath (@myogiadityanath)

എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ യോഗം നടക്കുമോ എന്ന് തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസമാണ് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ആളുകള്‍ വീടുവിട്ട് പുറത്തിറങ്ങരുതെന്നും ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും പ്രത്യേകം നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് 12 മണിക്കൂറിനുള്ളില്‍ തന്നെ യോഗി ആദിത്യനാഥ് നിര്‍ദേശം ലംഘിച്ചെന്ന് വിമര്‍ശനമുയര്‍ന്നു. നിരവധി ആളുകള്‍ കൂടുന്ന പരിപാടിക്ക് മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കിയത് ശരിയായ നടപടിയല്ലെന്നും വിമര്‍ശനമുയര്‍ന്നു. അയോധ്യ മജിസ്‌ട്രേറ്റ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ രാജ്യം സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് ശക്തമായ നിയമനടപടി സ്വീകരിക്കുന്നുണ്ട്.
 

click me!