
റാഞ്ചി: 50,000 രൂപ ഇനാം പ്രഖ്യാപിച്ച കുറ്റവാളിയെ പിടികൂടാൻ ഉത്തരാഖണ്ഡിലെത്തിയ ഉത്തർപ്രദേശ് പൊലീസ് നാട്ടുകാരുമായി ഏറ്റുമുട്ടി. തുടർന്നുണ്ടായ വെടിവെപ്പിൽ ബിജെപിയുടെ പ്രാദേശിക നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു. വെടിവെപ്പ് പ്രദേശത്ത് വൻ പ്രതിഷേധത്തിനിടയാക്കി. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രതിയെ പിടികൂടാനുള്ള യുപി പൊലീസിന്റെ ഓപ്പറേഷനെക്കുറിച്ച് ലോക്കൽ പൊലീസിന് വിവരം കിട്ടിയിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റെയ്ഡിനിടെ പൊലീസും ബിജെപി നേതാവും ജസ്പൂർ ബ്ലോക്ക് തലവനുമായ ഗുർതാജ് ഭുള്ളറുടെ കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടായി. രോഷാകുലരായ ഗ്രാമീണർ പൊലീസിനെ വളഞ്ഞതോടെ ഇരുവശത്തുനിന്നും വെടിവയ്പുണ്ടായി.
വെടിവെപ്പിൽ ഭുള്ളറിന്റെ ഭാര്യ ഗുർപ്രീത് കൗറിന് വെടിയേറ്റു. ഇവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിന് ശേഷം വീട്ടുകാർ നാല് പേരെ പിടികൂടി ലോക്കൽ പൊലീസിന് കൈമാറി. കൗറിന്റെ മരണത്തിൽ പ്രതിഷേധിച്ച് രോഷാകുലരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം ഏർപ്പെടുത്തി. വെടിവെപ്പിൽ തങ്ങളുടെ മൂന്ന് പൊലീസുകാർക്ക് വെടിയേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും യുപി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam