സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പിന്നാക്ക സംവരണം നിര്‍ത്തലാക്കി യോഗി സര്‍ക്കാര്‍

By Web TeamFirst Published Jun 4, 2019, 11:19 AM IST
Highlights

അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ചത്. പിന്നാലെ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ തീരുമാനം നടപ്പാക്കി.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എസ് സി, എസ് ടി, ഒബിസി സംവരണം നിര്‍ത്തലാക്കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്വകാര്യ മെഡിക്കല്‍, ദന്തല്‍ കോളജുകളില്‍ ജാതി അടിസ്ഥാനത്തില്‍ സംവരണം നിര്‍ത്തലാക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാന്‍ തീരുമാനിച്ചത്. പിന്നാലെ അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയെങ്കിലും ഇപ്പോള്‍ പിന്‍വലിച്ചു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തി ഒന്നാം മോദി സര്‍ക്കാര്‍ നിയമം നടപ്പാക്കിയത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിന്‍റെ എതിര്‍പ്പ് മറികടക്കാന്‍ സ്വകാര്യ മേഖലയിലും പിന്നാക്ക സംവരണം നടപ്പാക്കുമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. 

ഉത്തര്‍പ്രദേശില്‍ വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിഷ്കാരത്തിനാണ് യോഗി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. നഴ്സറി മുതല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നിര്‍ബന്ധമാക്കും. പാരമ്പര്യവും ആധുനികവും സമന്വയിപ്പിക്കുകയും ദേശീയത വളര്‍ത്തുന്നതുമായ വിദ്യാഭ്യാസ സമ്പ്രദായമായിരിക്കും നടപ്പാക്കുകയെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ സ്കൂളുകളില്‍ യോഗയും  പെണ്‍കുട്ടികള്‍ക്ക് ശാരീരിക പ്രതിരോധ ക്ലാസുകള്‍  നിര്‍ബന്ധമാക്കാനും  തീരുമാനിച്ചിരുന്നു. 

click me!