
മീററ്റ്: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള (Anti CAA protest) പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചവരില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ (UP Government) ഈടാക്കിയ 22.4 ലക്ഷം രൂപ തിരികെ നല്‍കും. സമരത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് 875 പേര്‍ക്കെതിരെ റിക്കവറി നോട്ടീസ് (Recovery Notice) പുറപ്പെടുവിച്ചിരുന്നു. രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി (supreme court) ആവശ്യപ്പെട്ടതിന് പിന്നാലെയാണ നടപടി.
ക്രമസമാധാന എ ഡി ജിയുടെ റിപ്പോര്‍ട്ട് പ്രകാരം സിഎഎ പ്രതിഷേധത്തിനിടെ 1.9 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തുടര്‍ന്ന് 875 കേസുകളില്‍ പൊലീസ് റിക്കവറി നോട്ടീസ് അയച്ചു. 73 കേസുകളില്‍ നോട്ടീസ് നല്‍കാനിരിക്കെയാണ് സുപ്രീം കോടതി വിധി വന്നത്. അക്രമം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് വാദം.
നോട്ടീസ് അയച്ചവരില്‍ നിന്ന് ഇതുവരെ 22.4 ലക്ഷം രൂപയാണ് ഇതുവരെ പിടിച്ചെടുത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ 22.4 ലക്ഷം രൂപ തിരികെ നല്‍കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 800ലധികം പേര്‍ക്കെതിരെ നല്‍കിയ നോട്ടീസുള്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഖ്നൗ, മീററ്റ്, മുസാഫര്‍നഗര്‍, രാംപൂര്‍, സംഭാല്‍, മൊറാദാബാദ് എന്നിവിടങ്ങളിലാണ് കൂടുതല്‍ റിക്കവറി നോട്ടീസ് അയച്ചത്. മീററ്റില്‍ 50ഓളം പേര്‍ക്കെതിരെ 21 ലക്ഷം രൂപ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. സംഭാലില്‍ 58 ആളുകളില്‍ നിന്ന് 19.3 ലക്ഷം രൂപ നല്‍കാനും നോട്ടീസ് നല്‍കി. ഗൊരഖ്പൂരില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് എട്ട് പേരെ പ്രതികളാക്കി 90,000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. 25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് രാംപൂര്‍ ജില്ലാ ഭരണകൂടം 28 പേര്‍ക്ക് നോട്ടീസ് നല്‍കിയപ്പോള്‍ ബിജ്നോറില്‍ 43 പേരില്‍ നിന്ന് 19.7 ലക്ഷം രൂപ പിഴ ഈടാക്കി. പിഴ തിരിച്ചടക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉടന്‍ പൂര്‍ത്തിയാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.