
ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചു. ഉത്തർപ്രദേശ് ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംഘമാണ് അന്വേഷണം നടത്തുക. ഹോം സെക്രട്ടറി ഭഗവാൻ സ്വരൂപ്, പൊലീസ് ഉദ്യോഗസ്ഥരായ ഡിഐജി ചന്ദ്ര പ്രകാശ്, പി എ സി കമാൻഡൻഡ് പൂനം എന്നിവരാണ് അന്വേഷണ സംഘത്തിലെ അംഗങ്ങൾ. ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല. ഭരണകൂടത്തിൽ നിന്ന് സമ്മർദ്ദമുണ്ട്. കുടുംബത്തിന് സുരക്ഷ വേണം. പെൺകുട്ടിയുടെ സംസ്കാരം പൊലീസിന്റെ ഇഷ്ടപ്രകാരമാണ് നടത്തിയത്. ബലംപ്രയോഗിച്ചാണ് മൃതശരീരം സംസ്കാരത്തിന് കൊണ്ടുപോയതെന്നും സഹോദരൻ പറഞ്ഞിരുന്നു.
ഈ മാസം 14ന് ആണ് നാല് പേർ ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ആരോഗ്യനില മോശമായതോടെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലി എംയിസിലേക്ക് മാറ്റിയിരുന്നു. എയിംസില്‍ വച്ചായിരുന്നു അന്ത്യം. അമ്മയ്ക്കൊപ്പം പുല്ല് വെട്ടാൻ പോയതിനിടെയാണ് പെൺകുട്ടിയെ നാല് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയത്. പിന്നീട് ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നിലയിൽ ഗ്രാമത്തിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൈയും കാലും തളർന്ന അവസ്ഥയിലായിരുന്നു പെൺകുട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam