
ബെംഗളൂരു: യുപിയില്‍ നിന്നുള്ള തൊഴിലാളികളെ ലഭിക്കണമെങ്കില്‍ അനുമതി വേണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഭരണാഘടന വിരുദ്ധമെന്നാണ് തീരുമാനത്തെ കര്‍ണാടക കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്.
ഇതുപോലെയുള്ള നടപടികള്‍ സാമാന്യബോധമില്ലാത്തതാണെന്നും ജനങ്ങള്‍ക്ക് ഏറെ സഹിക്കേണ്ടി വരുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. വിഷയത്തെ കുറിച്ചുള്ള ട്വീറ്റുകളില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ സ്വകാര്യ സ്വത്തല്ല യുപിയെന്നും ഡി കെ പറഞ്ഞു. യോഗി ആദിത്യനാഥിന്‍റെ നീക്കം ഭരണഘടനാവിരുദ്ധവും ജനങ്ങളുടെ സ്വതന്ത്രസഞ്ചാര സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നതുമാണ്.
മിസ്റ്റര്‍ യോഗി, യുപി താങ്കളുടെ സര്‍ക്കാരിന്‍റെ സ്വകാര്യ സ്വത്തല്ലെന്ന് മനസിലാക്കൂ. ഇന്ത്യയിലെവിടെയും ജോലി ചെയ്യണമെങ്കില്‍ താങ്കളുടെ സര്‍ക്കാരിന്‍റെ അനുമതി ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ഡി കെ കുറിച്ചു. ജനാധിപത്യത്തിന്‍റെ അടിസ്ഥാനതത്വങ്ങള്‍ പോലും യോഗിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഉത്തര്‍പ്രദേശില്‍ നിന്നുള്ള തൊഴിലാളികളെ ഇനി ആവശ്യമുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി വേണമെന്നാണ് യുപി മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍, ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷം ലക്ഷക്കണക്കിന് വരുന്ന തൊഴിലാളികളുടെ കാര്യത്തില്‍ ഇതെങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ യോഗി വ്യക്തത വരുത്തിയില്ല. എങ്കിലും കുടിയേറ്റ തൊഴിലാളികള്‍ക്കായി ഒരു കമ്മീഷന്‍ രൂപീകരിക്കുമെന്നും അവര്‍ക്ക് സംസ്ഥാനത്ത് തന്നെ ജോലി നല്‍കാന്‍ ശ്രമിക്കുമെന്നും യോഗി പറഞ്ഞു.
യുപിയില്‍ നിന്നുള്ള തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്‍റെ അനുവാദം വേണമെന്ന് യോഗി
മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലിനായി പോകുന്നവര്‍ക്ക് ഇന്‍ഷുറന്‍സും സുരക്ഷയും സര്‍ക്കാര്‍ ഒരുക്കും. പക്ഷേ, മറ്റ് സംസ്ഥാനങ്ങള്‍ യുപിയില്‍ നിന്നുള്ള തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന അവസ്ഥ പരിഗണിച്ചാണ് സര്‍ക്കാരിന്‍റെ അനുമതി വേണമെന്നുള്ള നിബന്ധന മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam