
ലക്നൌ: രക്ഷിതാക്കളുടെ അനുമതിയോടെ നടത്താനൊരുങ്ങിയ മിശ്ര വിവാഹം തടഞ്ഞ് ഉത്തര്‍ പ്രദേശ് പൊലീസ്. മിശ്രവിവാഹം തടയാനുള്ള പുതിയ ഓര്‍ഡിനന്‍സ് പ്രകാരമാണ് നടപടിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഹിന്ദു സംഘടനകളില്‍ നിന്ന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. വിവാഹദിവസമാണ് പൊലീസ് മിശ്രവിവാഹം തടസപ്പെടുത്തിയത്. ഹിന്ദു യുവതിയെ മുസ്ലിം യുവാവാണ് വിവാഹം ചെയ്യാനിരുന്നത്.
ബുധനാഴ്ച ലക്നൌവ്വിലെ ഡൂഡ കോളനിയില്‍ വച്ച് നടക്കേണ്ടിയിരുന്ന വിവാഹമാണ് പൊലീസ് തടസപ്പെടുത്തിയത്. പാര പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘമാണ് വിവാഹ ചടങ്ങുകള്‍ ആരംഭിക്കുന്നതിനിടെ ഇവിടേക്ക് എത്തിയത്. ആദ്യം ജില്ലാ മജിസ്ട്രേറ്റിന്‍റെ അനുമതി വാങ്ങണമെന്ന് പൊലീസ് വധുവരന്മാരേയും രക്ഷിതാക്കളേയും അറിയിക്കുകയായിരുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഹിന്ദു ആചാര പ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കാനിരിക്കെയാണ് പൊലീസ് ഇടപെടല്‍.
ജില്ലാ മജിസ്ട്രേറ്റിന്‍റെ അനുമതിക്ക് ശേഷം വിവാഹം നടത്താമെന്ന് ഇരുവരുടേയും കുടുംബം പ്രതികരിച്ചതായാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുപത്തി രണ്ടുകാരിയാണ് വധു, വരന് ഇരുപത്തിനാലാണ് പ്രായം. ബലം പ്രയോഗിച്ചോ നിര്‍ബന്ധിച്ചോ ആയിരുന്നില്ല വിവാഹമെന്നാണ് ഇരുവീട്ടുകാരും പ്രതികരിക്കുന്നത്. ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരാണ് മിശ്ര വിവാഹത്തിനെതിരായി പരാതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഇരുവരുടേയും വീട്ടുകാര്‍ക്ക് പുതിയ ഓര്‍ഡിനന്‍സിന്‍റെ പതിപ്പുകള്‍ കൈമാറിയ ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്. മജിസ്ട്രേറ്റിന്‍റെ അനുമതി തേടുമെന്ന് ഇരുവിഭാഗവും എഴുതി നല്‍കിയതായും പൊലീസ് വിശദമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam