
ദില്ലി: യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഇ-മെയിൽ അലർട്ട് സംവിധാനത്തിന് രൂപം നൽകി യുപിഎസ്സി. (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ). ഇനി മുതൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ സംഘടനകൾക്കും യുപിഎസ്സിയുടെ റിക്രൂട്ട്മെന്റ് അറിയിപ്പുകൾ നേരിട്ട് ഇ-മെയിലിൽ ലഭിക്കും. ഓഗസ്റ്റ് 5നാണ് യുപിഎസ്സി ചെയർമാൻ ഡോ. അജയ് കുമാർ ഈ പുതിയ സംവിധാനം പ്രഖ്യാപിച്ചത്.
ഉദ്യോഗാർത്ഥികളിലേക്ക് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എത്തിക്കാനും, അതുവഴി അപേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ഡോ. അജയ് കുമാർ പറഞ്ഞു. യോഗ്യരായ ഉദ്യോഗാർത്ഥികളില്ലാത്തതിനാൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളുടെ എണ്ണം കുറയ്ക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ വർഷവും കേന്ദ്ര സർക്കാരിലെ വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമായി 200-ൽ അധികം റിക്രൂട്ട്‌മെന്റ് അപേക്ഷകളാണ് യുപിഎസ്സിക്ക് ലഭിക്കുന്നത്. മെഡിക്കൽ, ലീഗൽ, എൻജിനീയറിങ്, ഫിനാൻസ്, ഫോറൻസിക് ഓഡിറ്റ്, മറ്റ് സാങ്കേതിക തസ്തികകൾ എന്നിവയിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി ഗസറ്റഡ് തസ്തികകളിലേക്കുള്ള നിയമനങ്ങൾ ഇതിൽപ്പെടും. 2025-ൽ മാത്രം 240-ൽ അധികം അപേക്ഷകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് ന്യൂസ്, യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ലിങ്ക്ഡ്ഇൻ പേജ് എന്നിവയിലൂടെ പരസ്യങ്ങൾ നൽകുന്നുണ്ടെങ്കിലും, പല തസ്തികകളിലേക്കും വളരെ കുറഞ്ഞ അപേക്ഷകൾ മാത്രമാണ് ലഭിക്കുന്നതെന്ന് ഡോ. അജയ് ചൂണ്ടിക്കാട്ടി. ചിലപ്പോൾ അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ സാധിക്കാതെ വരികയും, തത്ഫലമായി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യാറുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, സ്ഥാപനങ്ങൾക്ക് നേരിട്ട് വിവരങ്ങൾ നൽകുന്നതിലൂടെ കൂടുതൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ റിക്രൂട്ട്‌മെന്റിലേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് യുപിഎസ്സിയുടെ വിലയിരുത്തൽ.
ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് അവരുടെ ഡൊമെയ്‌നുമായി ബന്ധപ്പെട്ട ഒഴിവുകളെക്കുറിച്ച് കൃത്യസമയത്ത് അറിയാൻ സാധിക്കുമെന്നതാണ് ഒരു പ്രത്യേകത. ഇ-മെയിൽ അലേർട്ടുകൾ ലഭിക്കുന്നതിലൂടെ, വിദ്യാർത്ഥികൾക്കും അംഗങ്ങൾക്കും വിവരങ്ങൾ വേഗത്തിൽ ലഭ്യമാകും.വിവരം അറിയാത്തത് മൂലം യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാകും. താൽപര്യമുള്ള സ്ഥാപനങ്ങൾക്ക് ra-upsc@gov.in എന്ന ഇമെയിൽ വിലാസത്തിൽ സബ്സ്ക്രിപ്ഷൻ അഭ്യർത്ഥന അയച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്നും യുപിഎസ്സി അറിയിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam