
ലക്നൗ: രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് പേരെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (യുപി എടിഎസ്) അറസ്റ്റ് ചെയ്തു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാക് ഗുണ്ടാസംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നതായി എടിഎസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി തുഷാർ ചൗഹാൻ എന്ന ഹിസ്ബുള്ള അലി ഖാൻ (20), ദില്ലി ഓൾഡ് സീമാപുരി സ്വദേശി സമീർ ഖാൻ (20) എന്നിവരാണ് പിടിയിലായത്.
പ്രതികൾക്കെതിരെ ലക്നൗവിലെ എടിഎസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 2023-ലെ 148, 152, 61(2) വകുപ്പുകൾ, ആയുധ നിയമത്തിലെ 3, 4, 25 വകുപ്പുകൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ (യുഎപിഎ) 13, 18 വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ്. പ്രതികളെ കോടതിയിൽ ഹാജരാക്കിയതായും തുടർനടപടികൾ പുരോഗമിക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ തകർക്കാൻ ഐഎസ്ഐയുടെ നിർദേശപ്രകാരം പാകിസ്താനി ഗുണ്ടാസംഘങ്ങളും ഭീകര സംഘടനകളും പ്രവർത്തിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഇന്ത്യയിലെ യുവാക്കളെ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കുകയും 'സ്ലീപ്പർ സെല്ലുകളിൽ' ചേർക്കുകയും ഭീകരാക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുകയുമാണ് ഇവരുടെ രീതി.
വിവരം ലഭിച്ചതിനെ തുടർന്ന് എടിഎസ് നടത്തിയ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ നിർദേശപ്രകാരം പാകിസ്താനി ഗുണ്ടാസംഘങ്ങളായ ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട്, ചില പാക് യൂട്യൂബർമാർ എന്നിവർ ഇന്ത്യയുടെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയായിരുന്നു. സോഷ്യൽ മീഡിയ വഴി ഇന്ത്യൻ യുവാക്കളെ വലയിലാക്കി പണം വാഗ്ദാനം ചെയ്ത് തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിരീക്ഷണം നടത്താനും, 'മതം ഉപേക്ഷിച്ചവരെയും' മറ്റ് ചിലരെയും ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്താനും ഇവർ പ്രേരിപ്പിച്ചിരുന്നു.
ഈ ഗൂഢാലോചനയുടെ ഭാഗമായി തുഷാർ ചൗഹാനും സമീർ ഖാനും ഷഹ്സാദ് ഭട്ടി, ആബിദ് ജാട്ട് എന്നിവരുമായി നേരിട്ട് ബന്ധം സ്ഥാപിച്ചു. വലിയൊരു ആക്രമണത്തിന് ഇവർ പദ്ധതിയിടുന്നതിനിടെയാണ് വ്യാഴാഴ്ച നോയിഡയിൽ വെച്ച് എടിഎസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളിൽ നിന്ന് ഒരു പിസ്റ്റൾ, അഞ്ച് തിരകൾ, ഒരു കത്തി എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലിൽ തുഷാർ ചില കാര്യങ്ങൾ വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് താൻ ഇസ്ലാമിക ആചാരങ്ങൾ കർശനമായി പാലിക്കാൻ തുടങ്ങിയത്. പാകിസ്താനി ഗുണ്ടയായ ഷഹ്സാദ് ഭട്ടിയുമായി ബന്ധം സ്ഥാപിക്കാൻ 'ഷഹ്സാദ് ഭട്ടി' എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി. ഇത് ബ്ലോക്ക് ആയപ്പോൾ മറ്റൊരു ഐഡി ഉണ്ടാക്കി. ഇതിലൂടെ ഭട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വോയിസ്, വീഡിയോ കോളുകൾ വഴി സംസാരിക്കാൻ തുടങ്ങി.
ചിലരുടെ വീടുകൾക്ക് നേരെ ഗ്രനേഡ് എറിയാനും അവരെ വധിക്കാനും ഭട്ടി നിർദേശിച്ചതായി തുഷാർ പറഞ്ഞു. ഇതിനുള്ള ആയുധങ്ങൾ ഭട്ടിയും സംഘവും നൽകുമെന്നായിരുന്നു വാഗ്ദാനം. ഈ ദൗത്യത്തിനായി ഭട്ടിയുടെ കൂട്ടാളിയായ ആബിദ് ജാട്ടുമായി ബന്ധപ്പെടാനും നിർദേശം ലഭിച്ചു. ജോലി തുടങ്ങുന്നതിന് മുമ്പ് 50,000 രൂപ അഡ്വാൻസായും പൂർത്തിയാക്കിയാൽ 2,50,000 രൂപയും നൽകാമെന്ന് ഭട്ടി വാഗ്ദാനം ചെയ്തു. കൂടാതെ, പാസ്‌പോർട്ട് എടുത്ത് ദുബായ് വഴി പാകിസ്താനിലേക്ക് കൊണ്ടുപോകാമെന്നും ഉറപ്പ് നൽകി. ഐഎസ്ഐ ഏജന്റുമാരായ മേജർ ഹമീദ്, മേജർ ഇഖ്ബാൽ, മേജർ അൻവർ എന്നിവർ വഴിയാണ് പണവും പിസ്റ്റളും ലഭിച്ചതെന്നും തുഷാർ സമ്മതിച്ചു. ഈ പിസ്റ്റളാണ് പൊലീസ് കണ്ടെടുത്തത്.
പ്രതിയായ സമീർ ഖാനും സോഷ്യൽ മീഡിയ വഴിയാണ് ഭട്ടിയുമായി ബന്ധപ്പെട്ടതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. എൻക്രിപ്റ്റ് ചെയ്ത ആപ്പുകൾ വഴിയായിരുന്നു ഇവരുടെ സംസാരം. ചുമരുകളിൽ 'TTH' (തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ) എന്ന് സ്പ്രേ പെയിൻ്റ് ചെയ്യാനും കൂടുതൽ പേരെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനുമായിരുന്നു സമീറിന് ലഭിച്ച നിർദേശം. തുഷാർ ഇൻസ്റ്റഗ്രാം വഴിയാണ് സമീറുമായി ബന്ധപ്പെട്ടത്. പാകിസ്താനി ഗുണ്ടകളുടെ നിർദേശപ്രകാരം ഇരുവരും ആക്രമണങ്ങൾ നടത്താൻ തയ്യാറെടുക്കുകയായിരുന്നു. ഇവർ പലർക്കും വധഭീഷണി മുഴക്കിയിരുന്നു. ചില ഭീഷണികളിൽ പാകിസ്താനിലെ ഹാൻഡ്ലർമാർ കോൺഫറൻസ് കോളിൽ പങ്കെടുത്തിരുന്നു.
ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നും ഇവർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി വ്യക്തമായി. ഈ ശൃംഖലയിലെ മറ്റുള്ളവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് എടിഎസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam