
ദില്ലി:സിൽക്യാര ടണലിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താൻ തീവ്രശ്രമം. ദൗത്യം അവസാഘട്ടത്തിലേക്ക് നേരത്തെ തന്നെ കടന്നെങ്കിലും അപ്രതീക്ഷിത സംഭവങ്ങളെ തുടര്‍ന്ന് ദൗത്യം ഇതുവരെ നീളുകയായിരുന്നു. എന്നാല്‍, തുരക്കുന്നതിനിടെ കുടുങ്ങിയ ഓഗര്‍ മെഷീന്‍റെ ഭാഗങ്ങള്‍ ഉച്ചയോടെ പൂര്‍ണമായും നീക്കിയതോടെ വീണ്ടും നേരിട്ടുള്ള തുരക്കലിനുള്ള വഴിയൊരുങ്ങി. പത്തു മീറ്റര്‍ കൂടിയാണ് ഇനി തുരക്കാനുള്ളത്. ഇതുകൂടി കഴിഞ്ഞാല്‍ തൊഴിലാളികളുടെ അടുത്തേക്ക് എത്താനാകും. ഇതിനായി പൈപ്പിലൂടെ യന്ത്ര സഹായമില്ലാതെയുള്ള തുരക്കൽ ഉടൻ തുടങ്ങും.
പൈപ്പിൽ കുടുങ്ങിയിരുന്ന ഓഗർ യന്ത്രത്തിന്‍റെ ഭാഗങ്ങൾ പൂർണമായും നീക്കി. പൈപ്പില്‍ തൊഴിലാളികള്‍ കയറിയായിരിക്കും തുരക്കല്‍ തുടങ്ങുക. ഇതിനിടെ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉന്നതതലസംഘം ടണലിൽ എത്തി രക്ഷാദൗത്യം വിലയിരുത്തി. എന്നാൽ വിഐപി സന്ദർശനത്തിനിടെ തുരക്കാൻ എത്തിയ സംഘത്തെ അരമണിക്കൂറോളം ആണ് തുരങ്കത്തിലേക്ക് വിടാതെ തടഞ്ഞുവച്ചത്. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പലദിവസങ്ങളിലായുള്ള ഇത്തരം വിവിഐപി, വിഐപി സന്ദര്‍ശനം രക്ഷാദൗത്യം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനിടെ, രക്ഷാദൗത്യത്തിന് ഏകോപനമില്ലെന്ന ആരോപണവും ശക്തമാണ്. രക്ഷാദൗത്യം ആരംഭിച്ച് 16 ദിവസമായിട്ടും തൊഴിലാളികളെ രക്ഷിക്കാനാകാത്തത് ഏകോപനമില്ലാത്തതുകൊണ്ടാണെന്നാണ് വിമര്‍ശനം.
41 തൊഴിലാളികളാണ് ടണലില്‍ കുടുങ്ങികിടക്കുന്നത്. ഓഗര്‍ മെഷീന്‍ കുടുങ്ങിയതോടെയാണ് നേരത്തെ രക്ഷാദൗത്യം വീണ്ടും പ്രതിസന്ധിയിലായത്. നേരിട്ടുള്ള ഡ്രില്ലിങ് ആണ് നിര്‍ത്തിവെക്കേണ്ടിവന്നത്. ഇതോടെ മലമുകളില്‍നിന്ന് ലംബമായുള്ള ഡ്രില്ലിങും ആരംഭിക്കുകയായിരുന്നു. ഓഗര്‍ മെഷീന്‍ കുടുങ്ങിയതോടെ നേരിട്ടുള്ള ഡ്രില്ലിങ് പ്രതിസന്ധിയിലായിരുന്നു. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകു. മെഷീന്‍ നീക്കിയതോടെ ഇതിനുള്ള നടപടികളും ആരംഭിക്കാനാകും. ഓഗര്‍ മെഷീന്‍ പുറത്തെടുത്തതിന് പിന്നാലെ രാവിലെ പത്തോടെ പൈപ്പിനുള്ളിൽ കയറി ഡ്രിൽ ചെയ്യാനുള്ള സംഘം എത്തിയത്. തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഇന്നത്തേക്ക് 16 ദിവസം പിന്നിടുകയാണ്. ഇതോടൊപ്പം സില്‍ക്യാര രക്ഷാദൗത്യം പതിനാറാം ദിവസത്തിലേക്കും കടന്നു. അവസാന ഘട്ടത്തിൽ ശേഷിക്കുന്നത് 10 മീറ്റർ താഴെ ആയതിനാൽ ഇന്ന് എത്ര വേഗത്തിൽ തുരക്കൽ പൂർത്തിയാകുമെന്നതിന് അനുസരിച്ച് ആവും തൊഴിലാളികളുടെ മോചനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam