
ജയ്പൂർ: ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ അതിലിരുന്ന് അപകടകരമാംവിധം റൊമാൻസ് ചെയ്തതിന്റെ വീഡിയോ വൈറലായ പല സംഭവങ്ങളും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങളിൽ കടുത്ത നടപടികളുമായി പൊലീസും എത്താറുണ്ട്. സമാനമായൊരു സംഭവമാണ് രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. റോയൽ എൻഫീൽഡ് ബുള്ളറ്റിൽ പ്രണയാതുരമായി കറങ്ങി നടക്കുന്ന കപ്പിൾസിന്റെ 'റൊമാൻസ്' വീഡിയോ ആണ് അതിവേഗം വൈറലായിരിക്കുന്നത്.
സംഭവത്തിൽ എന്നാൽ കപ്പിൾസിന് എട്ടിന്റെ പണി വരുന്നുണ്ട്. ഇവരെ തേടി പൊലീസ് നടക്കുന്നുണ്ടെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ടിൽ പറയുന്നത്. ഹോളിയുടെ തലേദിവസമാണ് സംഭവം. ബൈക്കിന്റെ മുന്നിൽ ടാങ്കിന് മുകളിൽ റൈഡറായ യുവാവിന് മുഖാമുഖം യുവതിയും ഇരുന്നാണ് യാത്ര. എന്തായായാലും ട്രാഫിക് നിയമങ്ങൾ പരസ്യമായി ലംഘിച്ചുള്ള യുവാക്കളുടെ 'റൊമാൻസിംഗ് സ്റ്റണ്ട്' പിന്നിൽ സഞ്ചരിച്ച കാര്‍ യാത്രക്കാര്‍ വൃത്തിക്ക് പകര്‍ത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നതും.
ബി2 ബൈപ്പാസിലാണ് സംഭവമെന്നും ബൈക്കിന്റെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ച് പ്രതികളായ കപ്പിൾസിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചതായും വൈകാതെ ഇരുവര്‍ക്കും പിഴ ലഭിക്കുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ അജ്മീറിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നഗരത്തിലൂടെ സമാനമായ രീതിയിൽ 'കിസ്സിങ് സ്റ്റണ്ട്' നടത്തിയതായിരുന്നു സംഭവം. ബൈക്കിന്റെ പെട്രോൾ ടാങ്കിന് മുകളിലിരുന്നായിരുന്നു ഈ അപകടയാത്രയും. ഇതും കാമറയിൽ കുടുങ്ങി വൈറലായിരുന്നു. അജ്മീറിൽ നിന്ന് പുഷ്‌കറിലേക്കുള്ള വഴിയിലായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരിയിൽ സമാനമായ സംഭവത്തിൽ ഛത്തീസ്ഗഡിൽ ഒരാൾ മോഷ്ടിച്ച ബൈക്കിൽ കാമുകിയുമായി പ്രണയ സ്റ്റണ്ട് നടത്തിയത് ക്യാമറയിൽ പതിഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് ഇരുവരും അറസ്റ്റിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam