
മുംബൈ: ബ്ലിങ്കിറ്റ് ഡെലിവറി ബോയിൽ നിന്നും ഉണ്ടായ ദുരനുഭവം വീഡിയോ സഹിതം പങ്കുവച്ച് യുവതി. എക്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. ഡെലിവറി ബോയ് തന്റെ മാറിടത്തിൽ സ്പർശിച്ചുവെന്ന് യുവതി ബ്ലിങ്കിറ്റിനും മുംബൈ പൊലീസിനും പരാതി നൽകിയിട്ടണ്ട്. സിസിടിവി വീഡിയോ അടക്കം വച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ബ്ലിങ്കിറ്റിന്റെ മഞ്ഞ യൂണിഫോം ധരിച്ച ഒരാളെയാണ് വീഡിയോയിൽ കാണുന്നത്. ഡെലിവറി ഏജന്റ് പാഴ്സൽ കൈമാറുന്നതും പണം വാങ്ങുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിനു ശേഷം ബാക്കി തുക തിരികെ വരുമ്പോഴാണ് യുവതിയുടെ നെഞ്ചിന്റെ ഭാഗത്ത് സ്പർശിക്കുന്നത് കാണാനാകുന്നത്. സംഭവത്തിൽ ബ്ലിങ്കിറ്റിന്റെ ഭാഗത്ത് നിന്നും പ്രതികരണം വന്നിട്ടുണ്ട്. എന്നാൽ ആദ്യം തന്റെ പരാതി തള്ളിയ ബ്ലിങ്കിറ്റ് സംഭവത്തിന്റെ തെളിവ് നൽകിയതിനുശേഷം മാത്രമാണ് ഡെലിവറി ഏജന്റിനെതിരെ നടപടിയെടുത്തതെന്നും യുവതി പറയുന്നു. സംഭവത്തിൽ ഖേദിക്കുന്നുവെന്ന് തുടങ്ങുന്ന ബ്ലിങ്കിറ്റ് പോസ്റ്റും എക്സിലുണ്ട്.
മുംബൈ പോലീസും യുവതിയുടെ ട്വീറ്റിന് മറുപടി നൽകിയിട്ടുണ്ട്. ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്നും ദയവായി കോൺടാക്റ്റ് വിവരങ്ങൾ ഡിഎമ്മിൽ പങ്കിടണമെന്നും ട്വീറ്റ് ചെയ്തു. അതേ സമയം സംഭവത്തെച്ചൊല്ലി സമ്മിശ്ര പ്രതികരണമാണ് ഇന്റർനെറ്റിലുള്ളത്. പലരും ഏജന്റിനെതിരെ നടപടി ആവശ്യപ്പെടണമെന്ന് കമന്റ് ചെയ്തിട്ടുണ്ട്. ചിലരാകട്ടെ, ആകസ്മികമായ സംഭവമാണിതെന്നും അഭിപ്രായം പങ്കുവച്ചു.