
ദില്ലി: സ്ത്രീകൾക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് വിജയ് ഗോയൽ. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തന്ത്രമാണ് കെജ്രിവാളിന്റെ ഈ തീരുമാനമെന്ന് വിജയ് ഗോയൽ കുറ്റപ്പെടുത്തി. ആളുകളെ തെറ്റായ രീതിയിൽ നയിക്കാനാണ് കെജ്രിവാൾ ശ്രമിക്കുന്നതെന്നും വിജയ് ഗോയൽ പറഞ്ഞു.
'സൗജന്യയാത്ര പ്രഖ്യാപനം എത്രത്തോളം ഫലവത്താകും എന്ന് പറയാൻ സാധിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾ അവരുടെ അഭിപ്രായം എഴുതി അറിയിക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ ശേഖരിക്കാൻ തന്നെ സമയമെടുക്കും. ആഗസ്റ്റിലോ ഒക്ടോബറിലോ പദ്ധതി നടപ്പാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കഴിഞ്ഞാലുടനെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് കെജ്രിവാള്‍ നിര്‍ദ്ദേശിക്കുമായിരിക്കും'- വിജയ് ഗോയൽ പറഞ്ഞു.
2020ലാണ് ദില്ലിയിലെ 70 നിയോജക മണ്ഡലങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് മെട്രോയിലും ബസിലും സൗജന്യ യാത്ര സ്ത്രീകള്‍ക്ക് ഒരുക്കാനൊരുങ്ങുകയാണെന്ന പ്രഖ്യാപനം കെജ്രിവാള്‍ നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ മത്സരിച്ച എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി തോറ്റിരുന്നു. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളിൽ ആകെ ഒരിടത്താണ് അവർക്ക് വിജയിക്കാനായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam