'ആ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ ഈ റോഡുകൾക്കാവില്ല'; വിജയ്‍യുടെ പുതുച്ചേരിയിലെ റോഡ് ഷോയ്ക്ക് അനുമതിയില്ല

Published : Dec 02, 2025, 07:34 PM IST
Vijay TVK party roadshow

Synopsis

ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റോഡ് ഷോയ്ക്ക് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചു. സുരക്ഷാ കാരണങ്ങളും വീതി കുറഞ്ഞ റോഡുകളും ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകിയിട്ടുണ്ട്.

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്‍യുടെ റോഡ് ഷോയ്ക്ക് അനുമതി നൽകാനാകില്ലെന്ന് പുതുച്ചേരി പൊലീസ്. ടിവികെയുടെ അപേക്ഷയിൽ ഡിഐജി സർക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തിൽ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പൊലീസ് പറഞ്ഞു.

ഡിസംബർ 5-ന് നടത്താൻ തീരുമാനിച്ച, ടിവികെയുടെ റോഡ് ഷോയ്ക്കാണ് പുതുച്ചേരി പൊലീസ് അനുമതി നിഷേധിച്ചത്. പകരം ഒരു തുറന്ന വേദിയിൽ പൊതുയോഗം നടത്താൻ പൊലീസ് അനുമതി നൽകി. പുതുച്ചേരിയിൽ വിജയിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കമിടാൻ ലക്ഷ്യമിട്ട ഈ പരിപാടിയുടെ മുന്നൊരുക്കങ്ങൾക്കായി മുതിർന്ന നേതാക്കളായ ബൂസി ആനന്ദ്, ആദവ് അർജുന എന്നിവർ എത്തിയിരുന്നു. പൊലീസിന്‍റെ തീരുമാനം പാർട്ടിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുകയാണ്.

ഉന്നതതല അവലോകനത്തിന് ശേഷമാണ് ഈ തീരുമാനം എടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് ഷോയ്ക്ക് എന്തുകൊണ്ട് അനുമതി നൽകിയില്ലെന്ന ചോദ്യത്തിന് പുതുച്ചേരിയിലെ വീതി കുറഞ്ഞ റോഡുകൾക്ക് വിജയ് അണിനിരത്തുന്ന വൻ ജനക്കൂട്ടത്തെ ഉൾക്കൊള്ളാൻ കഴിയില്ല എന്നായിരുന്നു മറുപടി. അതേസമയം പൊതുയോഗം മാത്രമാണെങ്കിൽ സുരക്ഷാ നടപടികൾ എളുപ്പമാണെന്നും കൂടുതൽ മികച്ച രീതിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ടിവികെ ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിജയ് പദ്ധതിയിട്ടത്...

പുതുച്ചേരിയിൽ വലിയ ആരാധകവൃന്ദമുള്ള വിജയ്‍യുടെ പാർട്ടിയെ സംബന്ധിച്ച് ഇവിടത്തെ നീക്കങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. നിലവിൽ ഭരണകക്ഷിയായ എൻആർ കോൺഗ്രസ്-ബിജെപി സഖ്യവും കോൺഗ്രസ്-ഡിഎംകെ സഖ്യവും തമ്മിലായിരുന്നു ഇവിടെ പ്രധാന മത്സരം. ഈ മത്സരരംഗത്ത് ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ടിവികെ.

ഡിസംബർ അഞ്ചിന് രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ച് വരെ പരിപാടി നീളുമെന്നും ഉപ്പളത്ത് വിജയ് പ്രവർത്തകരെ അഭിസംബോധന ചെയ്യുമെന്നുമാണ് കത്തിൽ പറയുന്നത്. റോഡ് ഷോ 8 പോയിന്റുകളിലൂടെ കടന്നുപോകും. പുതുച്ചേരി മുഖ്യമന്ത്രിയും എൻഡിഎ നേതാവുമായ എൻ.രംഗസ്വാമി വിജയ്‌യുടെ ആരാധകൻ കൂടിയാണ്. നേരത്തെ തമിഴ്നാട്ടിലെ സേലത്ത് പൊതുയോഗത്തിന് വിജയ് അനുമതി തേടിയെങ്കിലും പൊലീസ് അനുമതി നൽകിയിരുന്നില്ല.

കരൂർ ദുരന്തത്തിൽ പൊലിഞ്ഞത് 41 ജീവൻ

തമിഴ്നാട്ടിലെ കരൂരിൽ ഒക്ടോബറിൽ നടന്ന റാലിയിൽ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 41 പേരാണ് മരിച്ചത്. ഈ സംഭവത്തിന് ശേഷം ജനക്കൂട്ടത്തിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വർധിച്ചിട്ടുണ്ട്. കരൂർ ദുരന്തത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ഇപ്പോൾ സിബിഐ അന്വേഷണം നടക്കുകയാണ്.

റാലികൾ നടത്തുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾക്കായി തമിഴ്നാട് സർക്കാർ രൂപരേഖയുണ്ടാക്കിയിട്ടുണ്ട് . ദുരന്തവുമായി ബന്ധപ്പെട്ട് വിരമിച്ച സുപ്രീം കോടതി ജഡ്ജി കരൂരിലെ ജനങ്ങളുമായും വിവിധ പാർട്ടികളുമായും സംസാരിച്ചു. കരൂർ ദുരന്തത്തിന് കാരണം ടിവികെയും വിജയിയുമാണെന്ന് തമിഴ്നാട് പൊലീസ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നടൻ വൈകിയെത്തിയതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണമെന്നും കുടിവെള്ളത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. എന്നാൽ ടിവികെ ഈ ആരോപണങ്ങൾ നിഷേധിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് തിരിച്ച് ആരോപിക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കല്യാണി നമ്പിയുടേത് കൊലപാതകം, എൽഐസി ഓഫീസിലെ തീപ്പിടുത്തത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്
'മോദിയുടെ ശുപാർശ, ഒരാളുടെ പേരിൽ 47 സെറ്റ് നാമനിർദ്ദേശ പത്രിക'; ബിജെപി അധ്യക്ഷനായി 45കാരൻ നിതിൻ നബീൻ ചുമതലയേറ്റു