മുഖ്യമന്ത്രിയായ ശേഷം വിജയ്‍യുടെ ആദ്യ സുപ്രധാന തീരുമാനം, മദ്യശാലകൾക്ക് പൂട്ടിടും; 717 ടാസ്മാക് ഔട്ട്ലെറ്റുകൾ പൂട്ടാൻ ഉത്തരവ്

Published : May 12, 2026, 08:44 AM ISTUpdated : May 12, 2026, 09:10 AM IST
Thalapathy Vijay

Synopsis

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിജയ് 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള ടാസ്മാക് ഔട്ട്ലെറ്റുകളാണ് രണ്ടാഴ്ചയ്ക്കകം പൂട്ടുന്നത്. പൊതുജനതാല്പര്യാർത്ഥമാണ് ഈ നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സുപ്രധാന തീരുമാനവുമായി മുഖ്യമന്ത്രി വിജയ്. 717 മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. 717 ടാസ്മാക് ഔട്ട്‍ലെറ്റുകൾ (തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ഔട്ട്‍ലെറ്റുകൾ) അടച്ചുപൂട്ടും.

സ്കൂളുകൾക്ക് സമീപമുള്ള 186, ആരാധനാലയങ്ങൾക്ക് സമീപമുള്ള 276, ബസ് സ്റ്റാൻഡിനടുത്തുള്ള 255 മദ്യശാലകളാണ് അടച്ചുപൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം അടച്ചുപൂട്ടണം എന്നാണ് ഉത്തരവ്. തമിഴ്നാട്ടിൽ ആകെ 4765 ടാസ്മാക് ഔട്ട്‌ലെറ്റുകൾ ഉണ്ട്. അതിൽ 717എണ്ണമാണ് പൂട്ടുന്നത്. മുഖ്യമന്ത്രി ആകുമെന്ന് ഉറപ്പായപ്പോൾ തന്നെ മദ്യശാലകളുടെ കണക്കെടുക്കാനുള്ള അനൗദ്യോഗിക നിർദേശം വിജയ് നൽകിയിരുന്നു. പൊതുജനതാല്പര്യാർത്ഥമുള്ള നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്.

തമിഴ്നാട്ടിലെ നിലവിലെ നിയമ പ്രകാരം സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും 50 മീറ്റർ പരിധിയിൽ മദ്യഷോപ്പുകൾ പാടില്ല. എന്നാൽ ദൂരപരിധി 500 മീറ്റർ ആയി ഉയർത്തിയിരിക്കുകയാണ് വിജയ്. മദ്യം കാരണം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്ത്രീകൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ്‍യോട് പരാതി പറഞ്ഞിരുന്നു. സ്കൂൾ വിദ്യാർത്ഥികൾക്ക് പോലും ലഭ്യമാകുന്ന വിധത്തിൽ തമിഴ്നാട്ടിൽ മദ്യമൊഴുകുന്നതായും പരാതി ഉയർന്നു.  ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 10 വരെയാണ് മദ്യവിൽപ്പനയ്ക്ക് അനുമതിയെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കാതെ പലയിടത്തും വിൽപ്പന നടക്കുന്ന സ്ഥിതിയാണ്. ഇതോടെയാണ് ചട്ടം ലംഘിച്ച് വിൽപ്പന നടത്തുന്ന മദ്യശാലകൾ പൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടത്. 

ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണ ഉറപ്പായ ശേഷം മാത്രമാണ്, സർക്കാർ രൂപീകരിക്കാൻ ഗവർണർ വിജയ്‍യെ ക്ഷണിച്ചത്. കോൺഗ്രസ്, ഇടതു പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് പിന്തുണയോടെ തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് മുന്നിൽ ഇനി കടമ്പ സഭയിലെ ഭൂരിപക്ഷമാണ്. മെയ് 13 ന് മുമ്പ് സഭയിൽ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. എന്നാൽ വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസൻഡ് ലൈറ്റ്സ് എംഎൽഎ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളർപ്പിൽ സ്പീക്കർ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്പി വേലുമണിയെ കക്ഷി നേതാവാക്കണമെന്ന് 30 എംഎൽഎമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകൾ പ്രോടേം സ്പീക്കർക്ക് നൽകിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശനാണ്യശേഖരം കുറയാതിരിക്കാൻ സർക്കാർ, സ്വർണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ ആലോചനയെന്ന് റിപ്പോർട്ട്
വിജയ്ക്ക് മുന്നിൽ ഇനി കടമ്പ സഭയിലെ ഭൂരിപക്ഷം, മെയ് 13 ന് മുമ്പ് സഭയിൽ ഭൂരിപക്ഷം തെളിയിക്കണം