
ദില്ലി: ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വീണ്ടും വ്യാപക അക്രമം. സമസ്തിപൂരിലും ലക്കിസരായിയിലും ട്രെയിനുകൾ കത്തിച്ചു. രണ്ട് സ്റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകളാണ് പ്രതിഷേധക്കാർ കത്തിച്ചത്. ലഖിസരായിയിൽ ജമ്മുതാവി ഗുവാഹത്തി എക്സ്പ്രസിനും വിക്രംശില എക്സ്പ്രസിനുമാണ് അക്രമികൾ തീയിട്ടത്. ബിഹാറിലെ ആര റെയിൽവേ സ്റ്റേഷനിലും അക്രമികൾ അഴിഞ്ഞാടി. സ്റ്റേഷൻ അടിച്ച് തകർത്തു. ബിഹാറിലെ സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക‍്‍സർ, ലഖിസരായി,ലാക‍്‍മിനിയ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിനും അക്രമികൾ തീയിട്ടു.
ഉത്തർപ്രദേശിലെ ബല്ലിയ റെയിൽവേ സ്റ്റേഷനിലും ആക്രമണം ഉണ്ടായി. നിർത്തിയിട്ട ട്രെയിൻ അടിച്ചു തകർത്തു. സ്റ്റേഷൻ നൂറിലധികം പ്രതിഷേധക്കാർ അടിച്ചുതകർത്തു. സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്‍ഗഡിലും പ്രതിഷേധം ഉണ്ടായി. പൽവലിൽ മൊബൈൽ ഇന്റർനെറ്റ് അധികൃതർ വിച്ഛേദിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം നടന്ന പശ്ചാത്തലത്തിലാണിത്.
അതേസമയം 'അഗ്നിപഥ്' പദ്ധതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. നിയമനത്തിന് അപേക്ഷിക്കാൻ ഉള്ള ഉയർന്ന പ്രായപരിധിയി കേന്ദ്ര സർക്കാർ ഉയർത്തി. പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി 23 വയസിലേക്കാണ് ഉയർത്തിയത്. നേരത്തെ 21 വയസ് വരെ പ്രായമുള്ളവരെ നിയമിക്കും എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. അതേസമയം ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ട് വർഷമായി റിക്രൂട്ട്മെന്‍റ് നടക്കാത്ത സാഹചര്യത്തിലാണ് ഒറ്റത്തവണ ഇളവ് നൽകുന്നതെന്നും കേന്ദ്രം വിശദീകരിച്ചിട്ടുണ്ട്. പദ്ധതിയെ കുറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും മുൻ വർഷങ്ങളേക്കാൾ മൂന്നിരട്ടി നിയമനം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. യുവാക്കളുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആകുമെന്ന പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam