ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന് സൽമാൻ ഖുർഷിദ്, പ്രസ്താവന വിവാദത്തിൽ 

Published : Aug 07, 2024, 02:00 PM IST
ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന് സൽമാൻ ഖുർഷിദ്, പ്രസ്താവന വിവാദത്തിൽ 

Synopsis

പുറമെ സമാധാനപരമാണെങ്കിലും അക്രമാസക്തമാകുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടാകാമെന്നായിരുന്നു സ്വകാര്യ ചടങ്ങിൽ ഖുര്‍ഷിദ് നടത്തിയ പ്രസ്താവന 

ദില്ലി : ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന കോൺ​ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ പ്രസ്താവന വിവാദത്തിൽ. പുറമെ സമാധാനപരമാണെങ്കിലും അക്രമാസക്തമാകുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടാകാമെന്നായിരുന്നു സ്വകാര്യ ചടങ്ങിൽ ഖുര്‍ഷിദ് നടത്തിയ പ്രസ്താവന.

പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രം​ഗത്തെത്തി. ഇന്ത്യക്കൊപ്പമാണെന്ന് പറയുമ്പോഴും ജനങ്ങളെ പ്രകോപിപ്പിച്ച് ബം​ഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഒരുക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനെവാല പറഞ്ഞു. വിദേശത്ത് പോകുമ്പോഴൊക്കെ ഇന്ത്യക്കെതിരെ പ്രസം​ഗിക്കുന്ന രാഹുലിന്റെ ഉള്ളിലിരിപ്പ് വ്യക്തമായെന്ന് സംബിത് പാത്ര എംപിയും പറഞ്ഞു. 

എന്നാൽ സൽമാൻ ഖുർഷിദിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും, ബം​ഗ്ലാദേശിലെ വിഷയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ​ഗൗരവമുള്ളതാണെന്നും കോൺ​ഗ്രസ് എംപി മാണിക്കം ടാ​ഗോർ പ്രതികരിച്ചു.  വിഷത്തിൽ  കോൺ​ഗ്രസ് അധ്യക്ഷൻ പ്രതികരിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും മാണിക്കം ടാ​ഗോർ അഭിപ്രായപ്പെട്ടു. 

ഷെയ്ഖ് ഹസീനയ്ക്ക് തല്ക്കാലം ഇന്ത്യ അഭയം നല്കിയേക്കും

അതേസമയം, ബംഗ്ളാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് തല്ക്കാലം ഇന്ത്യ അഭയം നല്കിയേക്കും. വിദേശത്തേക്ക് പോകാനുള്ള ഷെയ്ഖ് ഹസീനയുടെ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണിത്. ഷെയ്ഖ് ഹസീന രണ്ടു ദിവസമായി ദില്ലിയിൽ തുടരുകയാണ്. യുകെ അഭയം നല്കില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ യുഎഇ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളുമായും ചർച്ച നടന്നു. ഫിൻലൻഡ്, ബെലാറൂസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനും ഹസീന ആലോചന നടത്തിയതായി റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ തല്ക്കാലം ഹസീനയെ ദില്ലിയിൽ തങ്ങാൻ സർക്കാർ അനുവദിക്കും. ഹിൻഡൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് ഷെയ്ഖ് ഹസീനയെ മാറ്റി. 

ബംഗ്ളാദേശിൽ ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടെങ്കിലും പല സ്ഥലങ്ങളിലും അക്രമങ്ങൾ തുടരുകയാണ്. ഇന്ത്യൻ സാംസ്കാരിക കേന്ദ്രത്തിനും ക്ഷേത്രങ്ങൾക്കും നേരെ അക്രമം നടന്നു. ഈ സാഹചര്യത്തിലാണ് ബംഗ്ളാദേശിലെ നയതന്ത്ര കാര്യാലയങ്ങളിലെ നിരവധി ജീവനക്കാരെ തിരികെ എത്തിച്ചത്. അത്യാവശ്യമുള്ള നയതന്ത്ര ഉദ്യോഗസ്ഥർ മാത്രമാകും ഹൈക്കമ്മീഷനിൽ തുടരുക. ധാക്കയിലെ ഹൈക്കമ്മീഷനു പുറമെ നാലു നഗരങ്ങളിലെ അസിസ്റ്റൻറ് ഹൈക്കമ്മീഷനുകളിലെ ജീവനക്കാരെയും കുറച്ചു. പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്നും ധാക്കയിലെ ഹൈക്കമ്മീഷൻ അടയ്ക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിർത്തികൾ വഴിയുള്ള ചരക്കു നീക്കവും രണ്ടു ദിവസമായി നിലച്ചിരിക്കുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി