
ചെന്നൈ: വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് യാത്ര ദുസ്സഹമായെന്ന പരാതിയിൽ നഷ്ടപരിഹാരം നൽകാൻ വിധി. വിസ്താര വിമാനത്തിൽ മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്ത ചെന്നൈ സ്വദേശികളായ ബാലസുബ്രമണ്യം -ലോബ മുദ്ര ദമ്പതികളുടെ പരാതിയിൽ ഉപഭോക്തൃ കമ്മീഷനാണ് വിധി പ്രസ്താവിച്ചത്. ദമ്പതികൾക്ക് 2.6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വിധിയിൽ ഉപഭോക്തൃ കമ്മീഷൻ വ്യക്തമാക്കിയത്. ആസ്ത്മ രോഗിയായതിനാൽ ഏറെ ബുദ്ധിമുട്ടിയെന്നും വിമാന ജീവനക്കാർ സഹായിച്ചില്ലെന്നും പരാതിയിൽ കുറ്റപ്പെടുത്തിയിരുന്നു.
2023 മാർച്ചിലാണ് പരാതിക്കാധാരമായ സംഭവം. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് വിസ്താര വിമാനത്തിലാണ് ദമ്പതികൾ യാത്ര ചെയ്തത്. ലോബമുദ്രയാണ് വിമാനത്തിലെ ശുചിമുറിക്ക് അടുത്തുള്ള സീറ്റിൽ ഇരുന്നത്. വിമാനത്തിൽ കയറിയ ഉടനെ പിൻഭാഗത്തെ ശുചിമുറിയിൽ നിന്ന് മൂത്രത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നു. വിമാനത്തിൻ്റെ ടേക്ക് ഓഫിന് ജീവനക്കാർ ഇത് വൃത്തിയാക്കിയില്ല. യാത്രക്കാർ ടോയ്‌ലറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെ ദുർഗന്ധം രൂക്ഷമായി. വിമാനം യാത്ര പുറപ്പെടാൻ വൈകിയത് യാത്ര കൂടുതൽ ദുസ്സഹമാക്കി. ആസ്ത്മ രോഗിയായ ലോബ മുദ്രയ്ക്ക് ദുർഗന്ധം ശ്വസിച്ച് ശാരീരിക ബുദ്ധിമുട്ടുണ്ടായെന്ന് പരാതിയിൽ പറഞ്ഞിരുന്നു. തലവേദന, തൊണ്ടവേദന, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടുവെന്നാണ് പരാതിയിൽ വ്യക്തമാക്കിയത്. ദുർഗന്ധം ശ്വസിക്കുന്നത് ഒഴിവാക്കാൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും എല്ലാം വെറുതെയായി. പിന്നീട് ബാലസുബ്രഹ്മണ്യത്തെ തന്റെ അടുത്തുള്ള സീറ്റിലേക്ക് മാറ്റാൻ വിമാന ജീവനക്കാരോട് ലോബമുദ്ര ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സീറ്റ് മാറ്റി നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam