അതിർത്തി പ്രശ്നങ്ങളിൽ ചൈനയ്ക്കും പാക്കിസ്ഥാനും മുന്നറിയിപ്പ്; എന്തും നേരിടാൻ സജ്ജമെന്ന് പ്രതിരോധമന്ത്രി

By Web TeamFirst Published Feb 3, 2021, 4:21 PM IST
Highlights

സൈനിക നവീകരണത്തിനായി ഇന്ത്യ 130 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. 

ബെംഗളൂരു: സൈനിക നവീകരണത്തിനായി ഇന്ത്യ 130 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ബംഗളൂരുവിലെ യെലൻഹാക്ക എയർഫോഴ്‌സ് സ്റ്റേഷനിൽ പതിമൂന്നാം എയ്‌റോ ഇന്ത്യ ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്ഘാടന ചടങ്ങിനിടെ, ചൈനയെയും പാകിസ്ഥാനെയും പരോക്ഷമായി വിമർശിച്ച മന്ത്രി ഇരു രാജ്യങ്ങളിൽ നിന്ന് ഏത് ഭീഷണിയുണ്ടായാലും ഉചിതമായ മറുപടി നൽകാൻ ഇന്ത്യൻ സായുധസേന തയ്യാറാണെന്ന് വ്യക്തമാക്കി. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ  ഇന്ത്യയും ചൈനയും എട്ട് മാസത്തിലേറെയായി തർക്കം നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചൈനയുടെ പേരെടുത്ത് പറയാതെ മന്ത്രിയുടെ പരാമർശം.

തർക്കം നിലനിൽക്കുന്ന അതിർത്തികളിൽ ബലപ്രയോഗം നടത്താനുള്ള നിർഭാഗ്യകരമായ ശ്രമങ്ങൾ പലപ്പോഴായി കണ്ടുവരുന്നുണ്ട്. എന്നാൽ ഏത് ഭീഷണികളെയും നേരിടാൻ ഇന്ത്യ സദാ ജാഗരൂഗരാണ്. രാജ്യത്തിന്റെ അഭിമാനവും ജനങ്ങളുടെ സുരക്ഷിതത്വവും ഉറപ്പാക്കാനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭീകരതയെ ആഗോള ഭീഷണിയായി വിശേഷിപ്പിച്ച അദ്ദേഹം,  പല മേഖലകിളിൽ നിന്നായി  ഉയർന്നുവരുന്ന വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നതെന്നും പറഞ്ഞു. അടുത്ത 7-8 വർഷത്തിനുള്ളിൽ സൈനിക നവീകരണത്തിനായി 130 ബില്യൺ ഡോളർ ചെലവഴിക്കാൻ സർക്കാർ  പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയ്ക്കായി 83 എൽ‌സി‌എ തേജസ് എച്ച്‌എ‌എൽ വാങ്ങുകയാണ്.

ഇന്ത്യയുടെ സുരക്ഷയും പ്രതിരോധ സംവിധാനവും ശക്തിപ്പെടുത്തുന്നതിന് നിരവധി നടപടികളാണ് മോദി സർക്കാർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ പ്രതിരോധ രംഗത്ത്  49 ശതമാനമായിരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം 74 ശതമാനമാക്കി വർധിപ്പിക്കാൻ സർക്കാറിന് സാധിച്ചു. ഇത് തീർത്തും സർക്കാർ വഴികളിലൂടെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

click me!