
ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഒരു വിവാഹ ചടങ്ങിനിടെ വേദി തകർന്ന് വീണ് നിരവധി ബിജെപി നേതാക്കൾക്ക് പരിക്ക്. നവദമ്പതികളെ അനുഗ്രഹിക്കാൻ നേതാക്കൾ വേദിയിൽ ഒുരുമിച്ച് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. സ്ഥലത്തെ പ്രധാന ബിജെപി പ്രവർത്തകനായ അഭിഷേക് സിംഗ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹ റിസപ്ഷൻ വേദിയിലാണ് അപകടമുണ്ടായത്. ബല്ലിയ ജില്ലാ ബിജെപി അധ്യക്ഷൻ സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിംഗ് എന്നിവരുൾപ്പെടെ നിരവധി പാർട്ടി നേതാക്കൾ വേദിയിലുണ്ടായിരുന്നപ്പോഴാണ് സംഭവം. നേതാക്കൾ നവദമ്പതികൾക്ക് അനുഗ്രഹം നൽകുന്നതിനിടെ പെട്ടെന്നാണ് സ്റ്റേജ് തകർന്ന് വീഴുന്നത്. ദൃശ്യങ്ങളിൽ, വളരെ ശാന്തവും സന്തോഷകരവുമായ അന്തരീക്ഷത്തിൽ ചടങ്ങ് നടക്കുകയാണ്. എന്നാൽ, നിമിഷങ്ങൾക്കകം സ്റ്റേജ് തകര്‍ന്നു. മുകളിലുണ്ടായിരുന്ന എല്ലാവരും താഴേക്ക് പതിച്ചു. ഉടൻ തന്നെ അവിടെയുള്ളവരെല്ലാം രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്നതും വീഡിയോയിൽ കാണാം.
സംഭവവുമായി ബന്ധമില്ലാത്ത മറ്റൊരു വീഡിയോയും ഇതിനോട് ചേര്‍ത്ത് പ്രചരിക്കുകയാണ്. ബെംഗളൂരുവിലെ സിൽക്ക് ബോർഡ് ജംഗ്ഷൻ്റെ തിരക്കിന് നടുവിൽ ഒരു വിവാഹം നടക്കുന്നതിന്റെ എഐ ജനറേറ്റഡ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 20 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ, തിരക്കേറിയ റോഡിൽ വാഹനങ്ങൾ ഇരുവശത്തും നിര്‍ത്തിയിട്ടിരിക്കുമ്പോൾ വധുവും വരനും വിവാഹ ചടങ്ങുകൾ നടത്തുന്നത് കാണാം. ക്രീം ഷെർവാണി ധരിച്ച വരൻ, റോഡിൽ കാൽമുട്ട് മടക്കി ഇരിക്കുന്ന പുരോഹിതൻ മന്ത്രങ്ങൾ ഉരുവിടുമ്പോൾ വധുവിനെ മാലയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.