
ദില്ലി: ബലാത്സംഗ കേസിൽ (rape case) പ്രതിയായ വിദ്യാർത്ഥി നേതാവിന്റെ ജാമ്യത്തെ സ്വാഗതം ചെയ്തുകൊണ്ട് "ഭയ്യ ഈസ് ബാക്ക്" എന്നെഴുതിയ പോസ്റ്ററുകളും ഹോർഡിംഗുകളും പ്രദർശിപ്പിച്ച സംഭവത്തിൽ അമർഷം രേഖപ്പെടുത്തി (Supreme Court) സുപ്രീം കോടതി. എബിവിപി നേതാവായ ശുഭാങ് ഗോണ്ടിയയാണ് കേസിൽ ആരോപണ വിധേയനായ വിദ്യാർഥി നേതാവ്. മധ്യപ്രദേശിൽനിന്നുള്ള പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇയാൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരിയായ പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി അമർഷം അറിയിച്ചത്.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് പെൺകുട്ടിയുടെ പരാതി. ‘ഭയ്യ തിരിച്ചെത്തിയിരിക്കുന്നു എന്നെഴുതിയ വലിയൊരു ഹോർഡിങ് കണ്ടു. നിങ്ങൾ എന്താണ് ആഘോഷിക്കുന്നത്?’ – ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഹിമ കോലി ചോദിച്ചു. ‘ഭയ്യ തിരിച്ചെത്തിയിരിക്കുന്നു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ – ചീഫ് ജസ്റ്റിസ് എൻ.വി. രമണയും ചോദ്യമുയർത്തി. ഈ ഒരാഴ്ച കരുതലോടെയിരിക്കാൻ നിങ്ങളുടെ ഭയ്യയോടു പറയൂ എന്നും ആരോപണ വിധേയനായ വിദ്യാർഥി നേതാവിന്റെ അഭിഭാഷകന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നൽകി.
ശുഭാംഗ് ഗോണ്ടിയ, രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ വിദ്യാർത്ഥി വിഭാഗമായ എബിവിപിയുടെ നേതാവാണ്. ജാമ്യത്തിനെതിരെ യുവതി നൽകിയ ഹർജിയിൽ ഇയാൾക്ക് സ്വീകരണമൊരുക്കിയ പോസ്റ്ററുകളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ നവംബറിലാണ് ഗോണ്ടിയയ്ക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോപണവിധേയനായ വ്യക്തിക്ക് ജാമ്യം അനുവദിക്കുമ്പോൾ കേസിന്റെ ഗൗരവവും കേസുമായി ബന്ധപ്പെട്ട വസ്തുതകളും കോടതി പരിഗണിച്ചില്ലെന്ന് പരാതിക്കാരി സുപ്രീംകോടതിയിൽ പരാതിപ്പെട്ടു. ജാമ്യം റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്ന് ശുഭാംഗ് ഗോണ്ടിയയോട് കോടതി ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മധ്യപ്രദേശ് സർക്കാരിന്റെ പ്രതികരണവും കോടതി നേടിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam