'മലയാളികളുടെ ഐക്യത്തിൽ പ്രധാനമന്ത്രിക്ക് വലിയ മതിപ്പ്'; ഓണക്കോടിയുമായി മോദിയെ കണ്ട് ബം​ഗാൾ ​ഗവർണർ ആനന്ദബോസ്

By Web TeamFirst Published Aug 30, 2023, 10:22 AM IST
Highlights

പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പശ്ചിമ ബം​ഗാളിൽ മലയാള സിനിമ നിർമ്മിക്കാൻ സൗകര്യമൊരുക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്നും സി വി ആനന്ദ ബോസ്

ദില്ലി: തിരുവോണ ദിനത്തിൽ പ്രധാനമന്ത്രിക്ക് ഓണക്കോടിയും നാടൻ പലഹാരങ്ങളും സമ്മാനിച്ച് പശ്ചിമബം​ഗാൾ ​ഗവർണർ സി വി ആനന്ദബോസ്. വ്യത്യസ്തതകൾ മറന്ന്, ഓണം ഒരുമിച്ച് ആഘോഷിക്കുന്ന മലയാളികളുടെ ഐക്യത്തിൽ പ്രധാനമന്ത്രിക്ക് വലിയ മതിപ്പാണെന്ന് സി വി ആനന്ദബോസ് പറഞ്ഞു. പാചക വാതക വില കുറച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങൾക്ക് വലിയ ആശ്വാസമാകും. പശ്ചിമ ബം​ഗാളിൽ മലയാള സിനിമ നിർമ്മിക്കാൻ സൗകര്യമൊരുക്കുന്ന പദ്ധതി ഉടൻ നടപ്പാക്കുമെന്നും സി വി ആനന്ദ ബോസ് ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ലോകമെമ്പാടുമുളള മലയാളികൾക്ക് പ്രധാനമന്ത്രി മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്നിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും, സമാനതകളില്ലാത്ത സന്തോഷവും, അപാരമായ സമൃദ്ധിയും വർഷിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

എല്ലാ മലയാളികൾക്കും രാഷ്ട്രപതി ദ്രൗപദി മുർമുവും ഓണശംസകൾ നേർന്നിരുന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്.

സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിലും മലയാളികൾക്ക് ഓണാശംസകൾ നേർന്നിരുന്നു. ഭാഷാ അടിസ്ഥാനത്തിൽ നമ്മൾ സഹോദരങ്ങളാണെന്നും തെക്കെയിന്ത്യയിലെ പുരോഗമന ആശയങ്ങൾ രാജ്യം മുഴുവനും പടരുന്ന വർഷമാകട്ടെയെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശംസയിൽ അറിയിച്ചു.

ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഒരു സ്പെഷ്യൽ ട്രെയിൻ കൂടെ അനുവദിച്ചു, റിസര്‍വേഷന്‍ തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!