ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?

Published : Dec 07, 2025, 11:56 PM IST
 Right to Disconnect Bill India

Synopsis

ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ, ജോലി സമയം കഴിഞ്ഞാൽ തൊഴിലുടമയുടെ കോളുകളോടും ഇമെയിലുകളോടും പ്രതികരിക്കാതിരിക്കാനുള്ള ജീവനക്കാരുടെ അവകാശം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. നിരവധി ലോകരാജ്യങ്ങളിൽ ഈ നിയമം പ്രാബല്യത്തിലുണ്ട്.

എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ തൊഴിലാളികൾ പൊരുതി നേടിയ അവകാശമാണ്. എന്നാൽ ഇന്നത്തെ കാലത്ത് തൊഴിൽ സംസ്കാരത്തിൽ ഏറെ മാറ്റങ്ങൾ സംഭവിക്കുകയും പ്രൊഫണൽ ജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള അതിർ വരമ്പുകൾ ലംഘിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ‘റൈറ്റ് ടു ഡിസ്കണക്റ്റ്’ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. വർക്ക് - ലൈഫ് ബാലൻസ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം. നിരവധി ലോക രാജ്യങ്ങൾ ഇതിനകം നടപ്പാക്കിയ റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ നമ്മുടെ ലോക്സഭയിലും കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു.

എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?

എൻസിപി എംപി സുപ്രിയ സുലെ സ്വകാര്യ ബില്ലായാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മെച്ചപ്പെട്ട ജീവിത നിലവാരവും ആരോഗ്യകരമായ തൊഴിൽ - ജീവിത സന്തുലിതാവസ്ഥയും (വർക്ക് ലൈഫ് ബാലൻസ്) വളർത്തിയെടുക്കുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യമെന്ന് സുപ്രിയ സുലെ ബിൽ അവതരിപ്പിച്ചുകൊണ്ടുപറഞ്ഞു. ഡിജിറ്റൽ കാലത്തെ ആശയ വിനിമയ ഉപാധികൾ പലപ്പോഴും ജോലി സമയം കഴിഞ്ഞ ശേഷം ആളുകളുടെ വ്യക്തിപരമായ സമയം അപഹരിക്കുന്നു. ജോലി സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും തൊഴിലുടമയുടെ കോളുകൾ, ഇമെയിലുകൾ തുടങ്ങിയവയോട് പ്രതികരിക്കാതിരിക്കാനുള്ള ജീവനക്കാരുടെ അവകാശം അംഗീകരിച്ചുകൊണ്ട് അവരുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കണമെന്നാണ് ബില്ലിലെ പ്രധാന വാദം. പ്രൊഫഷണലും വ്യക്തിപരവുമായ ഡിജിറ്റൽ ആശയവിനിമയ ഉപാധികളുടെ ന്യായമായ ഉപയോഗത്തെക്കുറിച്ച് പൗരന്മാർക്ക് അവബോധം നൽകുന്നതിന് കൗൺസിലിംഗ് സേവനങ്ങൾ നൽകുന്നതിനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

ഇത് സ്വകാര്യ ബില്ലായാണ് സഭയിൽ അവതരിപ്പിച്ചത്. നിയമനിർമ്മാണം ആവശ്യമാണെന്ന് തോന്നുന്ന വിഷയങ്ങളിൽ ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാർക്ക് സ്വകാര്യ ബിൽ അവതരിപ്പിക്കാവുന്നതാണ്. എങ്കിലും അവ അപൂർവ്വമായേ നിയമം ആകാറുള്ളൂ. പലപ്പോഴും സർക്കാരിന്‍റെ മറുപടിയോടെ പിൻവലിക്കപ്പെടുകയാണ് പതിവ്. രാജ്യത്ത് ഇതുവരെ സ്വകാര്യ ബില്ലുകളിൽ 14 എണ്ണം മാത്രമാണ് നിയമമായി മാറിയത്. സുപ്രിയ സുലെ 2019-ലും സമാനമായ ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചിരുന്നു.

റൈറ്റ് ടു ഡിസ്കണക്ട് ബിൽ പാസ്സാക്കിയ രാജ്യങ്ങൾ

ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിൽ നേരത്തെ തന്നെ റൈറ്റ് ടു ഡിസ്കണക്റ്റ് നിയമം നിലവിലുണ്ട്. ഫ്രാന്‍സിൽ 2017ലാണ് റൈറ്റ് ടു ഡിസ്കണക്റ്റ് നിയമം പ്രാബല്യത്തിൽ വന്നതെങ്കിൽ ഏറ്റവും ഒടുവിൽ നടപ്പാക്കിയത് ഓസ്ട്രേലിയയിലാണ്. കഴിഞ്ഞ വർഷമാണ് റൈറ്റ് ടു ഡിസ്കണക്റ്റ് ഓസ്ട്രേലിയ അവകാശമായി അംഗീകരിച്ചത്.

ഇന്നത്തെ കോർപ്പറേറ്റ് സംസ്കാരത്തിൽ ജോലി തീർത്ത് വീട്ടിൽ പോയാലും ഓഫീസ് കോളുകൾക്ക് മറുപടി പറയേണ്ടി വരുന്ന സാഹചര്യം മിക്കവർക്കുമുണ്ട്. കൊവിഡ് മഹാമാരി കാലത്ത് വർക്ക് ഫ്രം ഹോം വ്യാപകമായിരുന്നു. ആ സമയത്ത് അത് അനിവാര്യമായിരുന്നു എങ്കിലും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യാൻ പലരും നിർബന്ധിതരാകുന്ന സാഹചര്യത്തിലേക്ക് പലയിടത്തും വർക്ക് ഫ്രം ഹോം മാറി. ഇത് ഉണ്ടാക്കുന്ന മാനസിക സമ്മർദ്ദവും ആരോഗ്യ പ്രശ്‍നങ്ങളും ചില്ലറയല്ല. അതുകൊണ്ടാണ് പോർച്ചുഗൽ 2021ൽ റൈറ്റ് ടു ഡിസ്കണക്റ്റ് നിയമം പാസ്സാക്കിയത്. ഈ നിയമം അനുസരിച്ച്, ജോലി സമയത്തിന് ശേഷം ജീവനക്കാരെഫോൺ ചെയ്യാനോ, മെസ്സേജ് അയക്കാനോ മേലധികാരികൾക്കും ടീം ലീഡുകൾക്കും അനുവാദമില്ല. ജീവനക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. പുതിയ നിയമ പ്രകാരം തൊഴിൽദാതാക്കൾ ജോലി സമയം കഴിഞ്ഞ് തൊഴിലാളികളെ ജോലി ചെയ്യാൻ നിർബന്ധിക്കുകയോ, തൊഴിൽ സംബന്ധമായ കാര്യങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിക്കുകയോ ചെയ്താൽ കനത്ത പിഴ നൽകേണ്ടി വരും. അതുപോലെ തന്നെ, വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഉയർന്ന വൈദ്യുതി, ഇൻറർനെറ്റ് ബില്ലുകൾ അടക്കാനും കമ്പനി സഹായിക്കണമെന്നും എന്നാൽ 10 പേരിൽ താഴെ ജീവനക്കാരുള്ള കമ്പനികൾക്ക് ഇത് ബാധകമല്ലെന്നും ഈ നിയമത്തിൽ പറയുന്നു.

സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിന് ശേഷം ഔദ്യോഗിക കോളുകൾ എടുക്കാതിരിക്കാനുള്ള അവകാശം ബെൽജിയം അനുവദിച്ചത് 2022ലാണ്. അടുത്ത പ്രവൃത്തി ദിവസം വരെ കാത്തിരിക്കാൻ സാധിക്കാത്ത വിധത്തിൽ ഉടനടി നടപടി ആവശ്യപ്പെടുന്ന, അസാധാരണവും അപ്രതീക്ഷിതവുമായ ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവ്. ജോലി സമയത്തിന് ശേഷം മേലുദ്യോഗസ്ഥൻ വിളിച്ചിട്ടും എടുക്കാതിരുന്നാല്‍ ജീവനക്കാരെ അത് പ്രതികൂലമായി ബാധിക്കരുത്. ജീവനക്കാരുടെ ജോലിയിലെ ശ്രദ്ധയും ഊര്‍ജ്ജവുമെല്ലാം വര്‍ധിപ്പിക്കാനാണ് ഇങ്ങനെയൊരു നീക്കം എന്നാണ് നിയമം അവതരിപ്പിച്ച് സർക്കാർ വ്യക്തമാക്കിയത്. നിയമം ലംഘിച്ചാൽ പിഴയും ഉണ്ടാകും. യൂറോപ്യൻ രാജ്യങ്ങളുടെ പാത പിന്തുടർന്ന് ഏറ്റവും ഒടുവിൽ റൈറ്റ് ടു ഡിസ്കണക്റ്റ് നിയമം അംഗീകരിച്ചത് ഓസ്‌ട്രേലിയയിലാണ്. അവിടെ ജോലി സമയത്തിന് ശേഷമുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹാരിക്കുന്നതിനായി ഫെയർ വർക്ക് കമ്മീഷനെ സമീപിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'