'പുൽവാമ എപ്പോഴും നടക്കുന്നതാണ്, പാകിസ്ഥാനെ കുറ്റം പറയുന്നതെങ്ങനെ?', വിവാദപരാമർശവുമായി സാം പിത്രോദ

By Web TeamFirst Published Mar 22, 2019, 12:21 PM IST
Highlights

''300 പേരെ വധിച്ചെന്നാണ് കേന്ദ്രസർക്കാർ അനൗദ്യോഗികമായെങ്കിലും അവകാശപ്പെടുന്നത്. അതിന് തെളിവ് എവിടെ? ഇന്ത്യക്കാർക്ക് അത് അറിയാൻ അവകാശമുണ്ട്.''

ദില്ലി: ബാലാകോട്ട് വ്യോമാക്രമണത്തിൽ എത്ര പേർ മരിച്ചെന്ന് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കോൺഗ്രസ് നേതാവ് സാം പിത്രോദ. അന്താരാഷ്ട്രമാധ്യമങ്ങൾ ബാലാകോട്ടിൽ ഒരു നാശനഷ്ടവുമുണ്ടായില്ല എന്നാണ് റിപ്പോർട്ട് ചെയ്തത്. ഇത് ഇന്ത്യക്കാരനെന്ന നിലയിൽ എന്നെ നാണം കെടുത്തുന്നതാണെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സാം പിത്രോദ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ സാധ്യതയുള്ളതാണ് സാം പിത്രോദയുടെ പരാമർശങ്ങൾ. സാം പിത്രോദ പറയുന്നതിങ്ങനെ: ''ന്യൂയോർക്ക് ടൈംസ് അടക്കമുള്ള വിവിധ വാർത്താ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ഞാൻ വായിച്ചു. അത് വായിച്ചപ്പോൾ എന്‍റെ മനസ്സിലുയർന്ന ചോദ്യങ്ങളിതാണ്. നമ്മൾ ശരിക്ക് ബാലാകോട്ടിൽ ആക്രമണം നടത്തിയോ? ശരിക്ക് 300 പേരെ വധിച്ചോ? എനിക്കറിയില്ല. ഇത് എനിക്കറിയാൻ അവകാശമുണ്ട്. ഈ വിവരങ്ങൾ ചോദിക്കുന്നു എന്ന പേരിൽ ഞാൻ രാജ്യവിരുദ്ധനാകില്ല.'', പിത്രോദ പറയുന്നു. 

നേരത്തേ ബാലാകോട്ട് ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരരെ ഇന്ത്യൻ വ്യോമസേന വധിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ട് പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ധീരസൈനികരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു.

ബാലാകോട്ടിൽ എത്ര ഭീകരർ മരിച്ചു, എന്തെല്ലാം നാശനഷ്ടങ്ങളുണ്ടായി എന്നതിന് കൃത്യമായ മറുപടി നൽകാൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തയ്യാറായിരുന്നില്ല. എന്നാൽ ബാലാകോട്ടിൽ 300 പേർ കൊല്ലപ്പെട്ടിരിക്കാമെന്ന അനൗദ്യോഗിക പ്രചാരണത്തെ പരോക്ഷമായി പിന്തുണച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. ആദ്യമായി ബാലാകോട്ടിൽ 300 പേർ മരിച്ചെന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പറയുന്നത് ബിജെപി അധ്യക്ഷൻ അമിത് ഷായാണ്. 

അതേസമയം, ഇത്തരം വിവാദപരാമർശങ്ങളിലേക്കില്ല എന്ന നിലപാടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ചത്. ബാലാകോട്ട് പ്രത്യാക്രമണങ്ങളുടെ പേരിൽ ആരോപണങ്ങളുന്നയിക്കുന്നത് തെരഞ്ഞെടുപ്പ് കാലത്ത് അനുകൂലമാകില്ല എന്ന തിരിച്ചറിവിലായിരുന്നു ഇത്. കോൺഗ്രസ് നേതാക്കൾ പലരും ബാലാകോട്ടിൽ പ്രതികരണങ്ങൾ ശ്രദ്ധാപൂർവമാണ് നടത്തിയത്. ഇതിനിടയിലാണ് ഇപ്പോൾ പിത്രോദയുടെ പരാമർശം വിവാദത്തിലേക്ക് നീങ്ങുന്നതും. 

click me!