
ദറംഗ് : അസമിലെ ദറംഗ് ജില്ലയിൽ സെപ്തംബർ 23 നു പകൽ അനധികൃത ഭൂമികയ്യേറ്റം നടത്തി എന്നാരോപിക്കപ്പെടുന്ന ചില പ്രദേശവാസികളും പൊലീസ് സംഘവും തമ്മിൽ കനത്ത ഏറ്റുമുട്ടലും വെടിവെപ്പും നടന്നു. വെടിയേറ്റു നിലത്തു വീണ പലരെയും പൊലീസ് ലാത്തി കൊണ്ട് മുഖത്തടക്കം അതി ക്രൂരമായി മർദ്ദിച്ചു. ഈ ഏറ്റുമുട്ടലുകളിൽ രണ്ടു ഗ്രാമീണർ മരിച്ചതായും ഒമ്പതോളം പോലീസുകാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതിഭീകരമായ ഈ ഹിംസയുടെ ഒരു വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഈ വീഡിയോയെപ്പറ്റിയുള്ള വിശകലനങ്ങളിൽ ഏറ്റവും മാധ്യമശ്രദ്ധ ആകർഷിച്ചിട്ടുള്ളത് അക്രമം നടക്കുന്ന സ്ഥലത്ത് പൊലീസ് സംഘത്തോടൊപ്പം സന്നിഹിതനായിരുന്ന ഒരു ക്യാമറാമാൻ ആണ്.
കല്ലേറ് നടത്തിയ ഒരു വ്യക്തിക്ക് നേരെ പൊലീസ് സംഘം വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അയാൾ വെടിയേറ്റ് നിലത്തു വീഴുന്നതും വ്യക്തമായി നമുക്ക് കാണാവുന്നതാണ്. ഇയാൾ നിലത്തു വീണാപാടെ പാഞ്ഞടുത്ത പോലീസുകാർ, വെടിയേറ്റു ഗുരുതരമായ പരിക്കേറ്റു കിടക്കുന്ന അവസ്ഥയിലും ഇയാളെ അതി ക്രൂരമായി ലാത്തി കൊണ്ട് മർദിക്കുന്നു. എന്നാൽ, പൊലീസിനേക്കാൾ ആവേശത്തോടും കോപത്തോടെയും ഈ വ്യക്തിയെ മർദ്ദിക്കാൻ മുന്നിൽ നിൽക്കുന്നത് പൊലീസ് സംഘത്തെ ഈ യാത്രയിൽ അനുഗമിച്ച ഒരു ക്യാമറാമാൻ ആണ്. ഇയാളുടെ പേര് ബിജോയ് ബോനിയ എന്നാണ്. ഇയാൾ പാഞ്ഞു വന്ന് നിലത്തു വീണുകിടക്കുന്ന വ്യക്തിയുടെ നെഞ്ചിൽ ചവിട്ടുന്നതും, അയാളെ വീണ്ടും വീണ്ടും ആഞ്ഞു മർദ്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഒടുവിൽ ആദ്യം മർദ്ദിച്ച പൊലീസുകാർ പോലും വന്ന് ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം.
ആരാണ് ഈ ബിജോയ് ബനിയ?
ഇന്ത്യ ടുഡേയുടെ അസം റിപ്പോർട്ടർ മനോജ് ദത്തയെ ഉദ്ധരിച്ചു കൊണ്ട് ദ ലല്ലൻ ടോപ്പ് പോർട്ടൽ പറയുന്നത് ഇയാളുടെ മുഴുവൻ പേര് ബിജോയ് ശങ്കർ ബനിയ എന്നാണെന്നാണ്. ദറംഗ് ജില്ലയിലെ ഒരു സ്വകാര്യ ക്യാമറാമാൻ ആയ ഇയാൾക്ക് ഒരു മാധ്യമ സ്ഥാപനവുമായും ബന്ധമില്ല എന്നാണ് അറിയാൻ കഴിയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് സമയം തൊട്ടു തന്നെ ജില്ലയിൽ വളരെ സജീവമായി പ്രവർത്തിച്ചിരുന്ന ഇയാൾക്ക് ജില്ലാ ഭരണകൂടവുമായി അടുത്ത ബന്ധമാണുള്ളത് എന്നും, സർക്കാരിന്റെ സകല പരിപാടികളുടെയും ഇവന്റ് ഫോട്ടോഗ്രാഫിയുടെ ചുമതല ഇയാൾക്കാണ് നൽകിയിരുന്നത് എന്നും മനോജ് ദത്ത പറയുന്നു. സെപ്തംബർ 23 നു ജില്ലാ ഭരണകൂടം പൊലീസ് സന്നാഹങ്ങളോടെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ വേണ്ടി പോയപ്പോൾ, നടപടിക്രമങ്ങൾ മുഴുവൻ വീഡിയോഗ്രാഫ് ചെയ്യാൻ വേണ്ടിയാണ് ബനിയയെ കൂടെ കൂട്ടുന്നത്. നടപടികൾ പുരോഗമിക്കുന്നതിനിടെ അക്രമങ്ങളുണ്ടാവുകയും, അതിൽ ബനിയ പങ്കു ചേരുകയുമാണുണ്ടായത്. പൊലീസിനൊപ്പം, പൊലീസിനേക്കാൾ വലിയ അക്രമങ്ങൾ ഗ്രാമീണരോട് കാണിക്കുകയും അതിന്റെ വീഡിയോ വൈറലാവുകയും ചെയ്ത ശേഷം ഒടുവിൽ, പൊലീസ് രാത്രിയോടെ ബനിയയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് എന്ന് ആസാം ലോ ആൻഡ് ഓർഡർ ഡിജിപി ജിപി സിംഗ് ഇന്നലെ രാത്രി ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam