ആരാണ് സുഖ്‍വിന്ദർ സിംഗ് സുഖു? പ്രതിഭാ സിംഗിനെ തള്ളി ഹിമാചലിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്!

Published : Dec 10, 2022, 05:34 PM IST
ആരാണ് സുഖ്‍വിന്ദർ സിംഗ് സുഖു? പ്രതിഭാ സിംഗിനെ തള്ളി ഹിമാചലിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്!

Synopsis

ഈ തെരഞ്ഞെടുപ്പിൽ പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസ് പടയെ വിജയത്തിലേക്ക് നയിച്ചു.   

ദില്ലി : മറ്റ് സംസ്ഥാനങ്ങളിലേതിന് സമാനമായി ഏറെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമായിരിക്കുന്നത്. പ്രതിഭാ സിംഗിനെ മുഖ്യമന്ത്രിയാക്കണമെന്ന ഒരു വിഭാഗത്തിന്റെ ആവശ്യം തള്ളി ഹൈക്കമാന്റ് തീരുമാനിച്ച പേരാണ് സുഖ് വീന്ദർ സിംഗ് സുഖു. സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്ന് നാലാം തവണയും വിജയിച്ചാണ് സുഖ് വീന്ദർ സിംഗ് സുഖു മുഖ്യമന്ത്രിയാകുന്നത്.  3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ സുഖുവിന്റെ വിജയം. ഈ തെരഞ്ഞെടുപ്പിൽ പ്രചാരണ സമിതി തലവനായിരുന്ന സുഖു പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള തന്ത്രങ്ങൾ മെനഞ്ഞ് ഹിമാചലിലെ കോൺഗ്രസ് പടയെ വിജയത്തിലേക്ക് നയിച്ചു.   

40 വർഷമായി ഹിമാചൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം നേതൃത്ത്വത്തിനും ജനങ്ങൾക്കും പ്രിയങ്കരനാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആദ്യമേ ഉയർന്ന പേര് സുഖുവിന്റേതായിരുന്നു. ഫല പ്രഖ്യാപനത്തിന് ശേഷം 21 എംഎൽഎമാരുമായി യോഗവും സുഖു നടത്തിയിരുന്നു. ലോവർ ഹിമാചൽ പ്രദേശിൽപെട്ട സിർമൗ‌ർ, ഹമിർപു‌ർ, ബിലാസ്പൂർ, സോലൻ തുടങ്ങിയ ജില്ലകളിൽ നിർണായക സ്വാധീനമുള്ള നേതാവാണ് 58 കാരനായ സുഖു. 

ഹിമാചൽ ജനസംഖ്യയുടെ 33 ശതമാനത്തോളം വരുന്ന രജ്പുത്ത് വിഭാഗത്തിൽനിന്നുള്ള നേതാവാണ് സുഖു എന്നത് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കസേരയ്ക്ക് ബലം കൂട്ടും. സംസ്ഥാന കോൺഗ്രസിന്റെ അതികായനായിരുന്ന മുൻ മുഖ്യമന്ത്രി വീരഭദ്ര സിംഗിനെതിരായി പാർട്ടിയിൽ പലപ്പോഴും നിലപാട് എടുത്ത നേതാവ് കൂടിയാണ്. സംസ്ഥാനം ബിജെപിക്ക് ഒപ്പം നിന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പോലും അനുരാഗ് താക്കൂറിന്റെ ജില്ലയായ ഹമിർപൂരിനെ കോൺഗ്രസിനൊപ്പം നിലനിർത്തിയത് സുഖുവാണ്. 

ഇത്തവണ ഹമിർപൂരിലെ അഞ്ചിൽ മൂന്ന് സീറ്റ് കോൺഗ്രസ് വിജയിച്ചു. 2017ൽ മുൻ മുഖ്യമന്ത്രിയും സംസ്ഥാന ബിജെപിയുടെ മുഖവുമായിരുന്ന പ്രേം കുമാർ ധുമാൽ തോറ്റതും ഹമിർപൂർ ജില്ലയിലെ സുജൻപൂർ മണ്ഡലത്തിലായിരുന്നു. 1964 ൽ ആണ് ജനനം. നിയമ ബിരുദ പഠന കാലത്താണ് രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ്. 1988 മുതൽ 1995 വരെ ഏഴ് വർഷം കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ എൻഎസ് യു ഐയുടെ പ്രസിഡന്റായിരുന്നു. 1998 മുതൽ 2008 വരെ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. ശേഷം 2009 മുതൽ 10 വർഷം സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി. എംഎൽഎയായിട്ടും ആറര വർഷം 2019 വരെ അധ്യക്ഷ സ്ഥാനത്ത് തുടരുകയും ചെയ്തിരുന്നു. 

Read More : സുഖ്‍വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി, തീരുമാനം കോൺഗ്രസ് ഹൈക്കമാന്റിന്റേത് 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം